വെല്ലിങ്ടണ്‍: ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് വെസ്റ്റിന്‍ഡീസിനെതിരേ വെള്ളിയാഴ്ച ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റില്‍ നിന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ വിട്ടുനില്‍ക്കും. 

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ പാത പിന്തുടര്‍ന്നാണ് വില്യംസന്റെ നടപടി. ആദ്യ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനു ശേഷം കോലിക്ക് അവധി അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഭാര്യ സാറ റഹീമിന് പിന്തുണ നല്‍കാനാണ് വില്യംസണും അവധിയെടുത്ത് മാറിനില്‍ക്കുന്നത്. 

വില്യംസന്റെ അഭാവത്തില്‍ ടോം ലാഥം രണ്ടാം ടെസ്റ്റില്‍ ടീമിനെ നയിക്കും. കിവീസ് കോച്ച് ഗാരി സ്‌റ്റെഡ് ആണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ഒരു ടെസ്റ്റില്‍ വില്യംസന്റെ അഭാവത്തില്‍ ലാഥം ടീമിനെ നയിച്ചിട്ടുണ്ട്. 

അതേസമയം ആദ്യ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട വില്യംസന്റെ അഭാവം കിവീസിനെ ബാധിക്കാന്‍ സാധ്യതയുണ്ട്.

Content Highlights: Kane Williamson goes Virat Kohli s way set to miss the 2nd Test