പോര്‍ട്ട് എലിസബത്ത്: വിക്കറ്റ് ആഘോഷം അതിരുവിട്ടതിന് ഒരു ടെസ്റ്റില്‍നിന്ന് വിലക്കുലഭിച്ച ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കാഗിസോ റബാഡ സ്വന്തം ടീമിനോട് മാപ്പുചോദിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരം ജോ റൂട്ടിന്റെ വിക്കറ്റെടുത്ത റബാഡയുടെ വിക്കറ്റാഘോഷം അതിരുകടന്നതാണ് വിലക്കിനു കാരണം.

വെള്ളിയാഴ്ച തുടങ്ങുന്ന നാലാം ടെസ്റ്റില്‍ റബാഡയ്ക്ക് കളിക്കാനാവില്ല. 1-2ന് പിന്നില്‍നില്‍ക്കുന്ന ദക്ഷിണാഫ്രിക്കയ്ക്ക് പ്രധാന ബൗളറുടെ അഭാവം തിരിച്ചടിയാണ്. തന്റെ വിലക്ക്, പരമ്പരയില്‍ തിരിച്ചെത്താനുള്ള ടീമിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് താരം മാപ്പുചോദിച്ചത്. 

റൂട്ടിനെ പുറത്താക്കിയപ്പോള്‍ റബാഡ ആകെ നിലവിട്ടുപോയി. ഗ്രൗണ്ടിലാകെ അലറിക്കൊണ്ട് ഓടിനടന്ന താരം അരക്കെട്ടിളക്കുകയും മുഷ്ടിചുരുട്ടുകയും ചെയ്തു. എല്ലാം നടന്നത് ഇംഗ്ലണ്ട് ക്യാപ്റ്റന്റെ മുന്നില്‍വെച്ച്.

പിന്നാലെ സംഭവം അമ്പയര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുകയും അന്വേഷണത്തില്‍ താരം പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കണ്ടെത്തുകയുമായിരുന്നു. ഒരു ഡീമെറിറ്റ് പോയന്റ് ചുമത്തി. രണ്ടു വര്‍ഷത്തിനിടെ റബാഡയ്ക്ക് ചുമത്തുന്ന നാലാമത്തെ ഡീമെറിറ്റ് പോയന്റായിരുന്നു ഇത്. ഇതോടെയാണ് ഒരു മത്സരത്തില്‍നിന്ന് വിലക്കിയത്. ഇതിനൊപ്പം മാച്ച് ഫീയുടെ 15 ശതമാനം പിഴയായും ഈടാക്കും.

Content Highlights: kagiso rabada said sorry for letting his team down