റോം: ഇറ്റാലിയന്‍ സീരി എയില്‍ തുടര്‍ച്ചയായ മൂന്നു പരാജയങ്ങള്‍ക്കും ജയം അറിയാത്ത അഞ്ചു മത്സരങ്ങള്‍ക്കും ശേഷം കഴിഞ്ഞ ദിവസം റോമ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. 

ജെനോവയ്‌ക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു റോമയുടെ ജയം. ഈ മത്സരത്തില്‍ ഇരട്ട ഗോളുമായി തിളങ്ങിയത് 18-കാരനായ ഗാന താരം ഫെലിക്‌സ് അഫെന ഗ്യാനായിരുന്നു. 75-ാം മിനിറ്റില്‍ പകരക്കാരനായ കളത്തിലിറങ്ങിയ ശേഷമായിരുന്നു ഫെലിക്‌സിന്റെ പ്രകടനം. 

മത്സരത്തിനു പിന്നാലെ ആരാധകരുടെ കൈയടികള്‍ ഏറ്റുവാങ്ങിയ താരത്തെ പിന്നീട് കാത്തിരുന്നത് കോച്ച് ഹൊസെ മൗറീന്യോയുടെ ഒരു സമ്മാനമായിരുന്നു. 

ഫെലിക്‌സിന് പരിശീലനത്തിന് ഉപയോഗിക്കാന്‍ 800 യൂറോ (ഏകദേശം 67,064 ഇന്ത്യന്‍ രൂപ) വിലവരുന്ന ഒരു ജോഡി ഷൂസാണ് കോച്ച് സമ്മാനമായി നല്‍കിയത്. ഇത് വാങ്ങി നല്‍കാമെന്ന് താന്‍ ഫെലിക്‌സിന് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് മൗറീന്യോ മത്സരത്തിനു പിന്നാലെ വെളിപ്പെടുത്തിയിരുന്നു. 

തന്റെ മികച്ച പ്രകടനത്തിനു ശേഷം ആ വാഗ്ദാനത്തെ കുറിച്ച് ഫെലിക്‌സ് തന്നെ ഓര്‍മ്മപ്പെടുത്തിയെന്നും മൗറീന്യോ പറഞ്ഞു. 

ഇതിനു പിന്നാലെ തിങ്കളാഴ്ച മൗറീന്യോ തന്റെ വാക്ക് പാലിച്ചു. ഫെലിക്‌സിന് പുതിയ ജോഡി ഷൂസ് വാങ്ങിനല്‍കി.

ഇതിന്റെ വീഡിയോ ഫെലിക്‌സ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

2021 മാര്‍ച്ചിലാണ് ഫെലിക്‌സ് റോമയുടെ യൂത്ത് ടീമിലെത്തുന്നത്.

Content Highlights: jose mourinho gifts 800 euro shoes to roma felix afena gyan