ചെന്നൈ: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനം സെഞ്ചുറി നേടിയതിലൂടെ അപൂര്‍വ നേട്ടത്തിന് ഉടമയായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്.

താരത്തിന്റെ 100-ാം ടെസ്റ്റ് മത്സരമായിരുന്നു ഇത്. 100-ാം ടെസ്റ്റിലെ സെഞ്ചുറിയോടെ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇംഗ്ലണ്ട് താരമെന്ന നേട്ടം റൂട്ട് സ്വന്തമാക്കി. 

കോളിന്‍ കൗഡ്രെ, അലക് സ്റ്റുവര്‍ട്ട് എന്നിവരാണ് നൂറാം ടെസ്റ്റില്‍ സെഞ്ചുറി നേടിയ മറ്റ് ഇംഗ്ലീഷ് താരങ്ങള്‍.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100-ാം ടെസ്റ്റില്‍ സെഞ്ചുറിയിലെത്തുന്ന ഒമ്പതാമത്തെ താരമാണ് റൂട്ട്. 

കോളിന്‍ കൗഡ്രെയേയും അലക് സ്റ്റുവര്‍ട്ടിനെയും കൂടാതെ ജാവേദ് മിയാന്‍ദാദ് (പാകിസ്താന്‍), ഗോള്‍ഡന്‍ ഗ്രീനിഡ്ജ് (വെസ്റ്റിന്‍ഡീസ്), ഇന്‍സമാം ഉള്‍ ഹഖ് (പാകിസ്താന്‍), റിക്കി പോണ്ടിങ് (ഓസ്‌ട്രേലിയ), ഗ്രെയിം സ്മിത്ത് (ദക്ഷിണാഫ്രിക്ക), ഹഷിം അംല (ദക്ഷിണാഫ്രിക്ക) എന്നിവരാണ് റൂട്ടിന് മുമ്പ് ഈ നേട്ടത്തിലെത്തിയവര്‍.

അതേസമയം 100-ാം ടെസ്റ്റിലെ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയ ഏക താരമെന്ന നേട്ടം റിക്കി പോണ്ടിങ്ങിനാണ്.

Content Highlights: Joe Root scores century in 100th Test to achieve rare feat