ന്യൂഡല്‍ഹി: സൗരാഷ്ട്രയെ ആദ്യമായി രഞ്ജി ട്രോഫി കിരീടത്തിലേക്ക് നയിക്കുന്ന നായകനെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ ആരാധകര്‍ക്ക് സര്‍പ്രൈസുമായി ജയദേവ് ഉനദ്കട്ട്. താന്‍ വിവാഹിതനാകാന്‍ പോകുകയാണെന്ന് താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.

പ്രതിശ്രുത വധു റിന്നിയുമൊത്തുള്ള വിവാഹ നിശ്ചയ ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം.

സൗരാഷ്ട്രയിലെ സഹതാരവും ഇന്ത്യന്‍ ടെസ്റ്റ് ടീം അംഗവുമായ ചേതേശ്വര്‍ പൂജാര വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. പൂജാരയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Jaydev Unadkat announces engagement

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബംഗാളിനെതിരായ ഒന്നാം ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ ഉനദ്കട്ടിന്റെ നേതൃത്വത്തിലുള്ള സൗരാഷ്ട്ര രഞ്ജി ട്രോഫി കിരീടത്തില്‍ ആദ്യമായി മുത്തമിട്ടത്.

രഞ്ജി ട്രോഫിയിലെ 21 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും താരം സ്വന്തമാക്കിയിരുന്നു. ഒരു രഞ്ജി ട്രോഫി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ഫാസ്റ്റ് ബൗളര്‍ എന്ന നേട്ടമാണ് ഉനദ്കട്ട് സ്വന്തമാക്കിയത്. 67 വിക്കറ്റുകളാണ് താരം ഈ സീസണില്‍ സ്വന്തമാക്കിയത്.

Content Highlights: Jaydev Unadkat announces engagement