സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തി.

മൂന്നാം ദിനം ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ 11-ാം ഓവര്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് ബുംറയ്ക്ക് പരിക്കേല്‍ക്കുന്നത്. പന്തെറിഞ്ഞ ശേഷമുള്ള ഫോളോ ത്രൂവില്‍ ബുംറയുടെ കണങ്കാല്‍ തിരിഞ്ഞു പോകുകയായിരുന്നു.

തുടര്‍ന്ന് ഫിസിയോക്കൊപ്പം ബുംറയ്ക്ക് മൈതാനം വിടേണ്ടി വന്നു. ഇതോടെ പ്രധാന ബൗളര്‍ക്ക് പരിക്കേറ്റത് ആരാധകര്‍ക്ക് ആശങ്കയായി. 

ഒടുവില്‍ ദക്ഷിണാഫ്രിക്ക ഏഴിന് 144 റണ്‍സെന്ന നിലയില്‍ നില്‍ക്കേ ആശങ്കകള്‍ക്ക് അറുതി വരുത്തി ബുംറ മൈതാനത്ത് തിരിച്ചെത്തി. മൈതാനത്തിന് പുറത്ത് പോയതിനാല്‍ തന്നെ പിന്നീട് 60-ാം ഓവറിലാണ് താരത്തിന് വീണ്ടും ബൗള്‍ ചെയ്യാനായത്. അവസാന സെഷനില്‍ കേശവ് മഹാരാജിന്റെ വിക്കറ്റ് വീഴ്ത്തി ബുംറയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

Content Highlights: Jasprit Bumrah Suffers Painful Ankle Injury