ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന് തൊട്ടടുത്ത് ആയിരുന്നു. എന്നാല്‍ മഴ വില്ലനായതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ മികച്ച പ്രകടനമായിരുന്നു ഒന്നാമിന്നിങ്‌സിലെ മനോഹരമായ കാഴ്ച്ച. രണ്ടാമിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ടെസ്റ്റില്‍ ആകെ ഒമ്പത് വിക്കറ്റുമായി ജസ്പ്രീത് ബുംറ ഫോമിലേക്ക് തിരിച്ചുവന്നു. ബുംറയുട ഈ പ്രകടനത്തെ കൈയടിയോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

നേരത്തെ ന്യൂസീലന്റിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിറംമങ്ങിപ്പോയ ബുംറയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ബുംറയുടെ ഫോമില്ലായ്്മ ചോദ്യം ചെയ്യപ്പെട്ടു. താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് വരെ ആവശ്യമുയര്‍ന്നു. 

എന്നാല്‍ ഒരൊറ്റ ടെസ്റ്റിലെ പ്രകടനത്തിലൂടെ ബുംറ ഇവരുടെയെല്ലാം വായടപ്പിച്ചു. ഒമ്പത് വിക്കറ്റിനൊപ്പം ഒന്നാന്തരമൊരു ട്വീറ്റിലൂടെയാണ് ഇന്ത്യന്‍ ബൗളര്‍ക്ക് വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. വിക്കറ്റ് ആഘോഷത്തിന്റെ രണ്ട് ചിത്രങ്ങള്‍ക്കൊപ്പം ബുംറ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് 'ഇപ്പോഴും നിങ്ങളെ ആവശ്യമില്ല'.

Content Highlights: Jasprit Bumrah posts a cryptic tweet for his critics after shining in first test India vs England