സതാംപ്ടണ്‍: കോവിഡ്-19 ഉയര്‍ത്തിയ പ്രതിസന്ധി പിന്നിട്ട് 117 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും ക്രിക്കറ്റ് മൈതാനം ഉണര്‍ന്നത് കഴിഞ്ഞ ദിവസമാണ്. ഇംഗ്ലണ്ടും വെസ്റ്റിന്‍ഡീസും തമ്മില്‍ സതാംപ്ടണിലെ എജീസ് ബൗള്‍ മൈതാനത്ത് നടന്ന ടെസ്റ്റ് മത്സരം കോവിഡ് മാനദണ്ഡങ്ങളെല്ലാം തന്നെ പാലിച്ചായിരുന്നു.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒട്ടേറെ മാറ്റങ്ങളോടെയാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തി ബയോ സെക്യൂര്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. കാണികള്‍ക്ക് സ്റ്റേഡിയത്തില്‍ പ്രവേശനമില്ല. ആതിഥേയ രാജ്യത്തെ രണ്ട് അമ്പയര്‍മാരാണ് കളി നിയന്ത്രിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. കൈകൊടുക്കലും കെട്ടിപ്പിടിത്തവും അനുവദിക്കില്ല. പന്തിന്റെ തിളക്കം കൂട്ടാന്‍ ഉമിനീര്‍ ഉപയോഗിക്കുന്നത് ഐ.സി.സി നേരത്തെ തന്നെ വിലക്കിയിരുന്നു. ഉപയോഗിച്ചാല്‍ ആദ്യ രണ്ടുവട്ടം മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചാല്‍ ബാറ്റിങ് ടീമിന് അഞ്ചുറണ്‍സ് ബോണസായി നല്‍കും.

എന്നാല്‍ മത്സരത്തിന്റെ ടോസിനിടെ രസകരമായ ഒരു സംഭവം അരങ്ങേറി. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്‌സ് ടോസ് ജയിച്ചതോടെ പെട്ടെന്ന് വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ സ്‌റ്റോക്ക്‌സിന് കൈകൊടുക്കാനാഞ്ഞു, സ്‌റ്റോക്ക്‌സ് തിരിച്ചും. പെട്ടെന്ന് കാര്യം മനസിലാക്കിയ ഇരുവരും കൈകൊടുക്കാതെ പിരിയുകയും ചെയ്തു. ഇംഗ്ലണ്ടിന്റെ സ്ഥിരം നായകന്‍ ജോ റൂട്ട് ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ട് അവധിയായതിനാല്‍ സ്റ്റോക്ക്‌സാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്.

ഐ.സി.സി. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയാണിത്. രണ്ടും മൂന്നും ടെസ്റ്റുകള്‍ മാഞ്ചെസ്റ്ററിലെ ഓള്‍ഡ് ട്രാഫഡില്‍ നടക്കും. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ അഞ്ചില്‍ ജയിച്ച ഇംഗ്ലണ്ട് 146 പോയന്റുമായി നാലാം സ്ഥാനത്താണിപ്പോള്‍. വെസ്റ്റിന്‍ഡീസ് കളിച്ച രണ്ട് ടെസ്റ്റുകളും തോറ്റ് എട്ടാം സ്ഥാനത്തും. 360 പോയന്റുമായി ഇന്ത്യയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്.

അതേസമയം വര്‍ണവെറിക്കെതിരേ ലോകമെമ്പാടും നടക്കുന്ന 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ക്യാമ്പെയ്നിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മത്സരം ആരംഭിക്കുന്നതിനു മുമ്പ് ഇരു ടീമിലെയും താരങ്ങള്‍ സതാംപ്ടണിലെ എജീസ് ബൗള്‍ മൈതാനത്ത് മുട്ടുകുത്തിയിരുന്നു. 30 സെക്കന്റുകളോളം ഇത് തുടര്‍ന്നു. 

വെസ്റ്റിന്‍ഡീസ് താരങ്ങളും രണ്ട് ഇംഗ്ലണ്ട് ഓപ്പണര്‍മാരും അമ്പയര്‍മാരുമാണ് മൈതാനത്ത് മുട്ടുകുത്തിയിരുന്നതെങ്കില്‍ മറ്റ് താരങ്ങള്‍ ബൗണ്ടറി ലൈനിന് പുറത്ത് മുട്ടുകുത്തിയിരുന്ന് ഇവര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കാളികളായി. കറുത്ത ഗ്ലൗസ് ധരിച്ച വലതുകൈ ഉയര്‍ത്തിയായിരുന്നു വിന്‍ഡീസ് താരങ്ങളുടെ പ്രതിഷേധം.

ജേഴ്‌സിയുടെ കോളറില്‍ 'ബ്ലാക്ക് ലൈവ്സ് മാറ്റര്‍' ലോഗോ ധരിച്ചാണ് ഇരു ടീമിലെയും താരങ്ങള്‍ കളിക്കാനിറങ്ങിയത്. കായിക രംഗത്തെ വര്‍ണവെറിക്കെതിരായ പ്രതിഷേധ സൂചകമായാണ് ഈ നീക്കം.

Content Highlights: Jason Holder almost shakes hands with Ben Stokes amid Covid-19 precautions