ലണ്ടന്‍: പ്രായം തളര്‍ത്താത്ത പോരാളിയാണ് ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സന്‍. പ്രായം നാല്‍പ്പതിനോടടുത്തെത്തിയിട്ടും അദ്ദേഹത്തിന്റെ പന്തുകളുടെ മൂര്‍ച്ച ഇന്നും തെല്ലും കുറഞ്ഞിട്ടില്ല. പേസും സ്വിങ്ങും നിറഞ്ഞ അദ്ദേഹത്തിന്റെ പന്തുകള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇന്നും പേടിസ്വപ്‌നമാണ്. 

ഇപ്പോഴിതാ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനിടെ താരത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു പ്രവൃത്തിക്ക് കൈയടിക്കുകയാണ് ക്രിക്കറ്റ് ലോകം. 

തെന്നിവീണ് കാല്‍മുട്ടിന് പരിക്കേറ്റിട്ടും ബൗളിങ് തുടര്‍ന്ന ആന്‍ഡേഴ്‌സന്റെ സമര്‍പ്പണത്തിന് കൈയടിക്കാതിരിക്കുന്നതെങ്ങിനെ. 

ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ദിനമായിരുന്നു സംഭവം. ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ 40-ാം ഓവര്‍ എറിഞ്ഞത് ആന്‍ഡേഴ്‌സനായിരുന്നു. എന്നാല്‍ പന്തെറിഞ്ഞ ശേഷമുള്ള ഫോളോ ത്രൂവില്‍ താരം പിച്ചില്‍ തെന്നിവീണു. കാല്‍മുട്ട് നിലത്തിടിച്ചാണ് താരം വീണത്. 

എന്നാല്‍ ക്യാപ്റ്റനെ വിളിച്ച് തന്നെ ബൗളിങ്ങില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ പറയാനോ മെഡിക്കല്‍ സംഘത്തെ വിളിച്ച് ചികിത്സ തേടാനോ നില്‍ക്കാതെ ആന്‍ഡേഴ്‌സന്‍ അടുത്ത പന്തെറിയാനുള്ള തയ്യാറെടുപ്പിലായിരുന്നു. 

എന്നാല്‍ താരത്തിന്റെ ട്രാക്ക് പാന്റില്‍ കാല്‍മുട്ട് പൊട്ടി ചോര പടര്‍ന്നിരുന്നു. എന്നാല്‍ അതൊന്നും വകവെയ്ക്കാതെ താരം ബൗളിങ് തുടരുകയായിരുന്നു. 

താരം ഇത് കാര്യമാക്കിയില്ലെങ്കിലും കാണികള്‍ ഇതേറ്റെടുത്തു. നിറഞ്ഞ കൈയടികളോടെയാണ് അവര്‍ ആന്‍ഡേഴ്‌സന്റെ ഈ പ്രവൃത്തി ഏറ്റെടുത്തത്. 

സോഷ്യല്‍ മീഡിയയിലും നിരവധി പേരാണ് താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. 

ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ഇതുവരെ ആന്‍ഡേഴ്‌സന്‍ 14 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. പരമ്പരയിലെ വിക്കറ്റ് വേട്ടക്കാരില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് അദ്ദേഹം. 

Content Highlights: James Anderson continues to bowl on despite injured knee