റോം: കോവിഡ് വ്യാപനത്തെ തുടർന്ന് സാമൂഹിക അകലം നിർബന്ധമായതോടെ അടുത്തടുത്ത വീടുകളുടെ ടെറസിൽ നിന്ന് ടെന്നീസ് കളിച്ച പെൺകുട്ടികളെ ആരും മറന്നിട്ടുണ്ടാകില്ല. ഇറ്റലിയിൽ നിന്നുള്ള 13-കാരി വിക്ടോറിയയും 11-കാരി കരോളയുമായിരുന്നു ആ കുഞ്ഞുതാരങ്ങൾ.

കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഈ ടെന്നീസ് മത്സരത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ ഇതിഹാസ താരം റോജർ ഫെഡറർ ഇരുവരോടുമൊപ്പം ടെന്നീസ് കളിച്ചതാണ് പുതിയ വാർത്ത.

രണ്ടു പെൺകുട്ടികൾക്കും ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന സുവർണാവസരമായിരുന്നു അത്. ഫെഡറർ ഇരുവരോടുമൊപ്പം റാക്കറ്റെടുത്ത് കളിക്കാനിറങ്ങി. ഇറ്റലിയിലെ ലിഗൂരിയയിൽവെച്ച് പഴയ അതേ ടെറസിൽ നിന്നായിരുന്നു ഈ സൗഹൃദ മത്സരം. ഇതിന്റെ വീഡിയോ ഇറ്റാലിയൻ പാസ്ത ബ്രാൻഡായ ബരില്ല ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഫെഡററെ കണ്ട് വിക്ടോറിയയും കരോളയും അദ്ഭുതപ്പെടുന്നതും സ്വിസ് താരത്തോടുള്ള സ്നേഹം ഇരുവരും പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഫെഡറർക്കൊപ്പം ഇരുവരും സെൽഫി എടുക്കാനും മറന്നില്ല.

Content Highlights: Italian girls who went viral for rooftop tennis match got an epic surprise from Roger Federer