14 വര്‍ഷങ്ങള്‍ക്കു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2007 മാര്‍ച്ചില്‍ മെലിഞ്ഞ് നീളന്‍ മുടിയുള്ള ഒരു ഡല്ഹിക്കാരന് പയ്യന് ടെസ്റ്റില്‍ തന്റെ ആദ്യ പന്തറിഞ്ഞു. ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസനാണ് അന്ന് ആ പയ്യനെ നേരിട്ടത്. ആദ്യ പന്തു തന്നെ പക്ഷേ നോബോളായിരുന്നു. അന്ന് സഹീര്‍ ഖാന്, ആര്.പി സിങ് എന്നിവര്‍ക്കൊപ്പം ചുവന്ന തുകല്‍ പന്ത് കൈയിലെടുത്ത പയ്യന് മഷ്റഫെ മുര്‍ത്താസയുടെ വിക്കറ്റ് വീഴ്ത്തി ടെസ്റ്റിലെ തന്റെ ആദ്യ വിക്കറ്റും സ്വന്തമാക്കി.
14 വര്‍ഷങ്ങള്‍ക്കിപ്പുറം 2021 ഫെബ്രുവരി 24-ന് ലോകത്തിലെ ഏറ്റവും വലിയം ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യന്‍ ബൗളിങ് ആക്രമണം നയിക്കുന്നത് ആ പയ്യനാണ്. 100 ടെസ്റ്റുകളുടെ അനുഭവ സമ്പത്തുള്ള ഇഷാന്ത് ശര്‍മ.
2007-ലെ മെലിഞ്ഞുനീണ്ട ആ പയ്യന് ഇന്ന് മറ്റൊരു അപൂര്‍വ നേട്ടത്തിനു കൂടി അര്‍ഹനായിരിക്കുകയാണ്. കപില്‍ ദേവ് എന്ന ഇതിഹാസ താരത്തിനു ശേഷം ഇന്ത്യയ്ക്കായി 100 ടെസ്റ്റുകള്‍ കളിക്കുന്ന ഏക ഫാസ്റ്റ് ബബൗളറെന്ന നേട്ടം.
അന്ന് മുര്‍ത്താസയെ പുറത്താക്കി തുടങ്ങിയ ഇഷാന്തിന്റെ വിക്കറ്റ് നേട്ടം ഇന്ന് 303 എണ്ണത്തില്‍ എത്തിയിരിക്കുകയാണ്. 100 ടെസ്റ്റുകളെന്ന നാഴികക്കല്ല് പിന്നിടുന്ന 11-ാമത്തെ ഇന്ത്യന്‍ താരവും നാലാമത്തെ മാത്രം ബൗളറുമാണ് ഇഷാന്ത്. കപില്‍ ദേവ് (131), അനില്‍ കുംബ്ലെ (132), ഹര്ഭജന് സിങ് (103) എന്നിവര്‍ മാത്രമാണ് ഇഷാന്തിന് മുന്നിലുള്ളത്.
കരിയറിലെ ഇഷാന്തിന്റെ ആദ്യ ഓസ്ട്രേലിയന്‍ പര്യടനവും ആര്‍ക്കും അങ്ങനെ മറക്കാനാകുന്നതല്ല. അന്നത്തെ പരമ്പരയില്‍ പെര്‍ത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ റിക്കി പോണ്ടിങ്ങിനെ വെള്ളം കുടിപ്പിച്ച ഇഷാന്തിന്റെ സ്പെല്‍ മുന്‍ താരങ്ങളെ പോലും അദ്ഭുതപ്പെടുത്തിയിരുന്നു.
Content Highlights: Ishant Sharma has become the only pacer after Kapil Dev to feature in 100 Tests