ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം അംഗങ്ങളില്‍ നിന്ന് വംശീയാധിക്ഷേപം നേരിട്ടെന്ന വെസ്റ്റിന്‍ഡീസ് താരം ഡാരന്‍ സമിയുടെ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകള്‍ പുറത്ത്.
ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ കാണികളില്‍ ചിലര്‍ തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയേയും 'കാലു' എന്ന് വിളിച്ച് അധിക്ഷേപിച്ചതായി ദിവസങ്ങള്‍ക്കു മുമ്പാണ് സമി വെളിപ്പെടുത്തിയത്. ഇതിനു തുടര്‍ച്ചയെന്നോണം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ സണ്‍റൈസേഴ്സിലെ സഹതാരങ്ങളില്‍ പലരും ആ പേര് വിളിച്ചിരുന്നതായും സമി പറഞ്ഞിരുന്നു. സമിയുടെ ഈ ആരോപണങ്ങള്‍ ശരിവെക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ താരങ്ങളില്‍ ഒരാളായ ഇഷാന്ത് ശര്‍മ, സമി ടീമില്‍ കളിച്ചിരുന്ന കാലത്ത് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രത്തില്‍ 'കാലു' എന്നാണ് താരത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
ഇഷാന്തും ഭുവനേശ്വര്‍ കുമാറും സമിയും ഡെയ്ല്‍ സ്റ്റെയ്നും ചേര്‍ന്നുള്ള ചിത്രത്തിന് 'ഞാനും ഭുവിയും കാലുവും പിന്നെ ഗണ്‍ സണ്‍റൈസേഴ്സും' എന്നാണ് ഇഷാന്ത് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഇഷാന്തിന്റെ പഴയ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം സമിയെ 'കാലു' എന്ന് വിളിക്കുന്നതിനെ കുറിച്ച് സണ്‍റൈസേഴ്സിന്റെ കോച്ചിങ് സ്റ്റാഫിനും അറിയാമായിരുന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. 2014 നവംബറില്‍ മുന്‍ ഇന്ത്യന്‍ താരവും സണ്‍റൈസേഴ്സിന്റെ മെന്ററുമായിരുന്ന വി.വി.എസ് ലക്ഷ്മണിന് പിറന്നാള്‍ ആശംസിച്ച് സമി തന്നെ പങ്കുവെച്ച കുറിപ്പിലും 'കാലു' എന്ന പ്രയോഗമുണ്ട്. കറുത്ത കാലുവിനെ ഓര്‍ക്കുന്നുണ്ടോ എന്നായിരുന്നു സമിയുടെ ട്വീറ്റ്.
യു.എസില്‍ പൊലീസിന്റെ പീഡനത്തിന് ഇരയായി കറുത്ത വര്ഗക്കാരന് ജോര്‍ജ് ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ വര്‍ണവെറിക്കെതിരേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ഐ.പി.എല്ലിനിടെ താനും വംശീയാധിക്ഷേപത്തിന് ഇരയായതായി സമി വെളിപ്പെടുത്തിയത്. സണ്‍റൈസേഴ്സ് താരങ്ങളായിരിക്കെ തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയെയും കാണികള്‍ 'കാലു' എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് സമിയുടെ ആരോപണം. പിന്നാലെ കാണികളില്‍ ചിലര്‍ മാത്രമല്ല സണ്‍റൈസേഴ്സിലെ സഹതാരങ്ങളും വംശീയാധിക്ഷേപം നടത്തിയതായും സമി ആരോപിച്ചിരുന്നു. ഇവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും സമി പറഞ്ഞിരുന്നു.
Content Highlights: Ishant Sharma called Sunrisers teammate Daren Sammy kalu as Proof of racism