കൊളംബോ: പിറന്നാള്‍ ദിനത്തില്‍ തന്നെ ഇന്ത്യയ്ക്കായി അരങ്ങേറാന്‍ ഭാഗ്യം ലഭിച്ച താരമാണ് ഇഷാന്‍ കിഷന്‍. അരങ്ങേറ്റ ഏകദിനത്തില്‍ തന്നെ അര്‍ധ സെഞ്ചുറിയുമായി തിളങ്ങാനും താരത്തിനായി.

42 പന്തുകള്‍ നേരിട്ട് രണ്ടു സിക്‌സും എട്ടു ഫോറുമടക്കം 59 റണ്‍സെടുത്താണ് ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ കിഷന്‍ പുറത്തായത്. 

നേരിട്ട ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തിയായിരുന്നു 23-കാരനായ താരത്തിന്റെ തുടക്കം.  ഇപ്പോഴിതാ ആദ്യ പന്തു തന്നെ സിക്‌സറിന് പറത്തിയതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. 

മത്സര ശേഷം സ്പിന്നര്‍ യൂസ്‌വേന്ദ്ര  ചാഹലുമായി നടത്തിയ സംഭാഷണത്തിലാണ് ഇഷാന്‍ കിഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. 

ബൗളര്‍ എവിടെ പന്തെറിഞ്ഞാലും നേരിടുന്ന ആദ്യ പന്തു തന്നെ താന്‍ സിക്‌സറടിക്കുമെന്ന് സഹ താരങ്ങളോട് പറഞ്ഞാണ് ക്രീസിലേക്കെത്തിയതെന്നും കിഷന്‍ പറഞ്ഞു.

''കാര്യങ്ങള്‍ എനിക്ക് അനുകൂലമാണെന്ന് തോന്നിയിരുന്നു. എന്റെ ജന്മദിനമായിരുന്നു, മാത്രമല്ല 50 ഓവര്‍ വിക്കറ്റിന് പിന്നില്‍ നിന്നതിനാല്‍ സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്ന് എനിക്ക് മനസിലായി. അതിനാല്‍ ആദ്യ പന്ത് തന്നെ സിക്‌സറടിക്കാന്‍ ഉചിതമായ അവസരമാണെന്നും മനസിലായി. മാത്രമല്ല ആര് തന്നെ ആദ്യ പന്ത് അത് എവിടെ എറിഞ്ഞാലും ഞാന്‍ സിക്‌സറടിക്കുമെന്ന് നിങ്ങളോട് പറഞ്ഞിരുന്നല്ലോ.'' - ഇഷാന്‍ കിഷന്‍ പറഞ്ഞു.

മത്സരത്തില്‍ ശ്രീലങ്കയെ ഏഴു വിക്കറ്റിന് ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്തു. 

കഴിഞ്ഞ മാര്‍ച്ചില്‍ അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 അരങ്ങേറ്റത്തിലും കിഷന്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ഏകദിന അരങ്ങേറ്റത്തില്‍ 50 തികയ്ക്കുന്ന 16-ാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും കിഷനെ തേടിയെത്തി. 

മാത്രമല്ല വെറും 33 പന്തില്‍ 50 തികച്ച താരം ഏകദിന അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ രണ്ടാമത്തെ വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന നേട്ടവും സ്വന്തമായി. ഇംഗ്ലണ്ടിനെതിരേ 26 പന്തില്‍ നിന്ന് അര്‍ധ സെഞ്ചുറി നേടിയ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലാണ് ഈ റെക്കോഡ്. 

ദക്ഷിണാഫ്രിക്കയുടെ റാസ്സി വാന്‍ഡെര്‍ ദസ്സന് ശേഷം ഏകദിനത്തിലെയും ട്വന്റി 20-യിലെയും അരങ്ങേറ്റത്തില്‍ അര്‍ധ സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം താരവുമാണ് ഇഷാന്‍ കിഷന്‍.

Content Highlights: Ishan Kishan reveals the secret behind First Ball Six