കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പ് സെമിയില്‍ ഇന്ത്യയുടെ വിജയസാധ്യതയുടെ കഴുത്തറുത്തത് ഷോര്‍ട്ട് ഫൈന്‍ ലെഗ്ഗില്‍ നിന്ന് മാര്ട്ടിന് ഗുപ്റ്റില്‍ എറിഞ്ഞ ഒരു ത്രോയാണ്. ഇന്ത്യന്‍ ഇന്നിങ്സിന്റെ 49-ാം ഓവറില്‍ ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച സ്പ്രിന്റര്‍ക്ക് പിഴച്ചു. ഗുപ്റ്റിലിന്റെ ത്രോ ബാറ്റിങ് ക്രീസിലെ ബെയ്ല്‍സ് ഇളക്കുമ്പോള്‍ ക്രീസിലേയ്ക്ക് ധോനിയുടെ ബാറ്റിന് ഇഞ്ചുകളുടെ ദൂരം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
49-ാം ഓവറിന്റെ മൂന്നാം പന്തില്‍ ധോനി റണ്ണൗട്ടായി മടങ്ങുന്നത് അവിശ്വസനീയതയോടെയാണ് ലോകം കണ്ടുനിന്നത്. അത്രയും നേരം തൊണ്ടപൊട്ടുമാറ് 'ധോനി, ധോനി' എന്ന് ആര്‍ത്തച്ചലച്ച സ്റ്റേഡിയം അതോടെ നിശബ്ദമായി. ഇന്ത്യന്‍ പ്രതീക്ഷയുടെ അവസാന വെട്ടവും അതോടെ അണഞ്ഞുപോയിരുന്നു. ഒമ്പത് പന്ത് ശേഷിക്കെ വിജയത്തിലേയ്ക്ക് ഇന്ത്യയ്ക്ക് 22 റണ്ണിന്റെ അകലമുണ്ടായിരുന്നു അപ്പോള്‍. ഇന്ത്യ ആ ഓവറില്‍ തന്നെ തോല്‍വി ഉറപ്പിച്ചു. ആറു പന്തുകള്‍ക്കുള്ളില്‍ അത് യാഥാര്‍ഥ്യമാവുകയും ചെയ്തു. ധോനിയുടെ ഈ റണ്ണൗട്ട് അങ്ങനെ ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി.
എന്നാല്‍, ഈ റണ്ണൗട്ടിന് ഇന്ത്യയുടെ തോല്‍വിയേക്കാള്‍ വലിയൊരു മാനമുണ്ടായിരുന്നു. ഇത് ഓര്‍മിപ്പിച്ചത് പതിനഞ്ച് കൊല്ലം മുന്‍പത്തെ മറ്റൊരു റണ്ണൗട്ടാണ്. അതിലും നായകന് ഇതേ ധോനി തന്നെ. തപഷ് ബൈസ്യയുടെ ത്രോ സ്വീകരിച്ച ബംഗ്ലാദേശ് കീപ്പര്‍ ഖാലിദ് മഷൂദ് ബെയ്ലെടുക്കുമ്പോള്‍ റണ്ണൊന്നുമെടുത്തിരുന്നില്ല ധോനി. നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യനായി മടങ്ങേണ്ടിവന്നത് ഹൃദയഭേദകമായിരുന്നു ധോനിക്ക്. കാരണം, അതായിരുന്നു പിന്നീട് 350 ഏകദിനങ്ങളില്‍ നിന്ന് 10773 റണ്‍സ് വാരിക്കൂട്ടിയ ധോനിയുടെ അരങ്ങേറ്റ ഇന്നിങ്സ്. ആദ്യ ഇന്നിങ്സില്‍ തന്നെ പൂജ്യത്തിന് റണ്ണൗട്ടാകേണ്ടിവന്നതിന്റെ സങ്കടമാണോ പില്ക്കാലത്ത് ധോനി സിംഗിളുകള്‍ക്കും ഡബിളുകള്‍ക്കും വേണ്ടി പിച്ചില്‍ സ്പ്രിന്റ് ചെയ്തും മിന്നല്‍ സ്റ്റമ്പിങ് നടത്തിയും തീര്‍ത്തതെന്ന് സംശയിച്ചുപോകും ആരും.
പിന്നീട് മൂന്ന് ഇന്നിങ്സില്കൂടി നിസാര സ്കോറിന് പുറത്തായി നിരാശപ്പെടുത്തി ധോനി. അതിനുശേഷമാണ് പാകിസ്താനെതിരേ കിടയറ്റ സെഞ്ചുറിയിലൂടെ പില്ക്കാലത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച ഫിനിഷറും ഏറ്റവും മികച്ച നായകരില്‍ ഒരാളുമായി മാറിയ ധോനി ടീമിലെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചത്.
ലോകകപ്പോടെ ധോനി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ടൂര്‍ണമെന്റിനു മുന്നേ ശക്തമായിരുന്നു. ഇപ്പോഴിതാ 39-ാം പിറന്നാള്‍ ആഘോഷിച്ച് മൂന്ന് ദിവസമായെങ്കിലും ധോനി ഇതുവരെ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ല. ഇനിയൊരു ലോകകപ്പിനുള്ള ബാല്യം എന്തായാലും ധോനിക്കില്ല. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അടുത്ത ലോകകപ്പിലേയ്ക്ക് ഇനി നാലു വര്‍ഷത്തിന്റെ അകലമുണ്ട്.
ലോകകപ്പിലെ ഇന്ത്യയുടെ പുറത്താകലിന് വെള്ളിയാഴ്ച ഒരാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. ക്രിക്കറ്റില്‍ ധോനിയില്ലാത്ത ഒരാണ്ട്. ആ ലോകകപ്പിനു ശേഷം പിന്നീട് ഇതുവരെ ധോനി മത്സര ക്രിക്കറ്റിന്റെ ഭാഗമായിട്ടില്ല. പിന്നാലെ നടന്ന വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ശ്രീലങ്ക, ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് പരമ്പരകളില്‍ നിന്നെല്ലാം അദ്ദേഹം മാറിനിന്നു.
ധോനിയുടെ പിന്‍ഗാമിയെന്ന് വാഴ്ത്തിയ ഋഷഭ് പന്ത് തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ ധോനി തിരിച്ചെത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചു. പക്ഷേ അതും ഉണ്ടായില്ല. വിക്കറ്റിനു പിന്നില്‍ ലഭിച്ച അവസരം ലഭിച്ച കെ.എല്‍ രാഹുല്‍ നന്നായി മുതലാക്കിയതോടെ ഇന്ത്യയുടെ ആ തലവേദനയ്ക്കും അന്ത്യമായി. നാലാം നമ്പറില്‍ ശ്രേയസ് അയ്യരും തിളങ്ങാനാരംഭിച്ചതോടെ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യന്‍ ഇലവന് ഏതാണ്ട് തീരുമാനമായി.
ഈ സാഹചര്യത്തില്‍ ഏകദിനങ്ങളിലും ഇനി എത്രകാലം ധോനിക്ക് കളിക്കാനാകുമെന്ന കാര്യവും സംശയമാണ്. വിക്കറ്റിന് പിറകിലെ ധോനിയുടെ പ്രകടനത്തിന്റെ മാറ്റൊന്നും കുറഞ്ഞിട്ടില്ല. എന്നാല്‍, ബാറ്റിങ്ങിന്റെ കാര്യം അങ്ങനെയല്ല. ആ പഴയ ഫിനിഷറുടെ നിഴല്‍ മാത്രമാണ് ഇപ്പോഴത്തെ ധോനി. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരേ സെഞ്ചുറി നേടി പ്രതീക്ഷ നല്കിയ ധോനിക്ക് ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് സ്വന്തമാക്കാനായത്. 34, 27, 1, 28, 56, 42, 35, 50 എന്നിങ്ങനെയായിരുന്നു സ്കോറുകള്‍. ന്യൂസീലന്‍ഡിനെതിരായ ആംഗറിങ് റോള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ധോനിയെപ്പോലൊരു ബാറ്റ്സ്മാനില്‍ നിന്ന് ടീം പ്രതീക്ഷിച്ച പ്രകടനമല്ലിത്.
ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് മുന്നില്‍ കണ്ട് ഇത്തവണത്തെ ഐ.പി.എല്ലിലൂടെ ഒരു തിരിച്ചുവരവ് ധോനി പ്ലാന്‍ ചെയ്തിരുന്നു എന്നു വേണം കരുതാന്‍. മാര്‍ച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാമ്പില്‍ തകര്‍ത്തടിക്കുന്ന ധോനിയെ നമ്മള് കണ്ടതാണ്. പക്ഷേ കോവിഡ് മൂലം ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ ഐ.പി.എല്‍ അനിശ്ചിതത്വത്തിലായി, ധോനിയുടെ ഭാവിയും. അന്ന് റാഞ്ചിയിലേക്ക് മടങ്ങിയ ധോനി പിന്നീട് തന്റെ ഫാം ഹൗസിലാണ് ലോക്ക്ഡൗണ്‍ സമയമത്രയും ചെലവഴിച്ചത്.
അവിടെയാകട്ടെ കൃഷിയും മറ്റ് കാര്യങ്ങളുമായി കൂടുകയാണ് ധോനിയെന്ന താരം. പുറംലോകവുമായി യാതൊരു ബന്ധവുമില്ല. ജൈവ കൃഷിയാണ് താരത്തിന്റെ ഇപ്പോഴത്തെ ഹോബി. തന്റെ ഫാംഹൗസില്‍ ട്രാക്ക്ടര് ഉപയോഗിച്ച് നിലം ഉഴുന്ന ധോനിയുടെ വീഡിയോ പുറത്തുവന്നത് ഈ അടുത്തകാലത്താണ്. നേരത്തെ തണ്ണീര്‍ മത്തന്‍, പപ്പായ തുടങ്ങിയവ കൃഷി ചെയ്യുന്ന ധോനിയുടെ വീഡിയോയും പുറത്തുവന്നിരുന്നു.
ആരാധകര്‍ ഇന്നും കാത്തിരിക്കുകയാണ് ധോനിയുടെ മടങ്ങിവരവിനായി. അപ്പോഴും ന്യൂസീലന്‍ഡിനെതിരായ ലോകകപ്പ് മത്സരം ധോനിയുടെ ഹംസഗാനമായേക്കുമെന്ന് ചിലരെങ്കിലും വിധിക്കുന്നുണ്ട്. ക്രിക്കറ്റിലെ യാദൃശ്ചികതകളെയും ആകസ്മികതകളെയും അങ്ങനെ എളുപ്പം തള്ളിക്കളയാനാവില്ലല്ലോ? പ്രത്യേകിച്ചും ധോനിയുടെ കാര്യത്തില്‍.
Content Highlights: Is M.S Dhoni's career starts with one runout and ends with another