ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ഓസ്‌ട്രേലിയ കിരീടം നേടുമെന്ന് പ്രവചിച്ചവര്‍ വിരളമാണ്. കാരണം ടൂര്‍ണമെന്റിന് മുമ്പ് കളിച്ച പരമ്പരകളില്‍ ദയനീയ പരാജയമാണ് ഓസീസ് നേരിട്ടത്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യയോടും തോറ്റു. ഇതോടെ സെമി ഫൈനല്‍ പോലും എത്താതെ ഓസ്‌ട്രേലിയ പുറത്താകുമെന്നായിരുന്നു ക്രിക്കറ്റ് വിദഗ്ദ്ധരുടെ കണക്കുകൂട്ടല്‍.

എന്നാല്‍ ഇന്ത്യയുടെ മുന്‍താരം ഇര്‍ഫാന്‍ പഠാന്‍ മാത്രം ഇവരില്‍ നിന്ന് വ്യത്യസ്തനായി. കിരീട സാധ്യതയുള്ള ടീമുകള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ആണെന്നായിരുന്നു പഠാന്റെ പ്രവചനം. അതില്‍ ഇന്ത്യയുടെ ഭാഗം പിഴച്ചെങ്കിലും ഓസ്‌ട്രേലിയ ചാമ്പ്യന്‍മാര്‍ എന്ന പ്രവചനം ശരിയായി. 

അന്ന് ആ പ്രവചനം ട്വീറ്റ് ചെയ്തപ്പോള്‍ നിരവധി ആരാധകര്‍ പഠാനെതിരേ രംഗത്തെത്തിയിരുന്നു. ആരും പഠാനോട് അനുകൂലിച്ചില്ല. ഓസ്‌ട്രേലിയയെ തിരഞ്ഞെടുത്തതില്‍ പലരും പരിഹസിച്ചു. ഇംഗ്ലണ്ടിനേയും വെസ്റ്റിന്‍ഡീസിനേയും മറന്നുപോയോ എന്നു ചോദിച്ചവരുമുണ്ട്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്നും പഠാന്‍ ശരിയാണെന്നുമുള്ള മത്സരഫലമാണ് ട്വന്റി-20 ലോകകപ്പിലുണ്ടായത്.

Content Highlights: Irfan Pathan’s pre-tournament prediction proves to be right as Australia lift the trophy t20 WC