ന്യൂഡല്‍ഹി: ടോസിനായി മറ്റ് ക്യാപ്റ്റന്‍മാരെ കാത്തുനിര്‍ത്തിക്കുന്നതില്‍ കുപ്രസിദ്ധനാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും നിലവിലെ ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവ് വോയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനും ഗാംഗുലി ടോസിനായി കാത്തുനിര്‍ത്തിച്ചതിനെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഗാംഗുലിയുടെ ഈ ശീലത്തെ കുറിച്ച് തുറന്നുപറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാൻ. 2003-04 കാലത്തെ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലാണ് പത്താന്‍ ഗാംഗുലിക്കു കീഴില്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്.
''എന്റെ ആദ്യ ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ അദ്ദേഹം (ഗാംഗുലി) സ്റ്റീവ് വോയെ ടോസിനായി കാത്തുനിര്‍ത്തിച്ചത് എനിക്ക് നല്ല ഓര്‍മയുണ്ട്. ആ സമയത്ത് ഞാന്‍ ഡ്രസ്സിങ് റൂമിലുണ്ട്. ടോസിന് സമയമായാല്‍ ദാദ പലപ്പോഴും ക്ലോക്കിലേക്ക് നോക്കുന്നത് എനിക്ക് ഓര്‍മയുണ്ട്. അപ്പോള്‍ ടീം മാനേജരാണ് ദാദയെ ടോസിന് സമയമായെന്ന് ഓര്‍മിപ്പിക്കുക.'' -സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ പങ്കെടുക്കവെ ഇര്‍ഫാന്‍ പറഞ്ഞു.
സ്റ്റീവ് വോയുടെ വിരമിക്കല്‍ ടെസ്റ്റായിരുന്ന സിഡ്‌നി ടെസ്റ്റിലും ഗാംഗുലി ടോസിനായി വൈകിയിരുന്നുവെന്നും അപ്പോള്‍ സച്ചിന്‍ തെണ്ടുല്‍ക്കറാണ് അദ്ദേഹത്തെ അക്കാര്യം ഓര്‍മിപ്പിച്ചതെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.
''സിഡ്‌നി ടെസ്റ്റിനിടെ സച്ചിന്‍ പാജിയാണ് ദാദയോട് ടോസിന് സമയമായെന്നും വേഗം പോകാനും പറഞ്ഞത്. ദാദ പക്ഷേ സമയമെടുത്ത് ഷൂസും സ്വെറ്ററുമെല്ലാം ധരിച്ചും തൊപ്പി ശരിയാക്കി കഴിഞ്ഞുമേ ഡ്രസ്സിങ് റൂമില്‍ നിന്ന് ഇറങ്ങൂ. ഒരാള്‍ വൈകിയാല്‍, അയാളുടെ മുഖത്ത് ആ സമ്മര്‍ദം സാധാരണ കാണാം. പക്ഷേ ദാദ ഇതിനായി ഒരിക്കലും തിരക്ക് കൂട്ടിയിരുന്നില്ല.'' - ഇര്‍ഫാന്‍ പറഞ്ഞു.
Content Highlights: Irfan Pathan describes Dada’s knack of turning up late for toss