ന്യൂഡല്‍ഹി: ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറോട് കാണിക്കുന്ന അവഗണന ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച വാര്‍ണറെ പ്ലെയിങ് ഇലവനില്‍ പോലും ഉള്‍പ്പെടുത്താത്തതിന് എതിരേ ആയിരുന്നു വിമര്‍ശനം. 

ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍താരം ഇര്‍ഫാന്‍ പഠാന്‍. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ടീം വാര്‍ണര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ പിന്തുണ നല്‍കിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണെന്ന് പഠാന്‍ ട്വീറ്റില്‍ പറയുന്നു.

'ഒരു വിദേശ താരവുമായി ബന്ധപ്പെട്ട് ഒരു ഫ്രാഞ്ചൈസിയെ ചോദ്യം ചെയ്യുന്ന ആരാധകര്‍ ഒരു കാര്യം ഓര്‍ക്കണം. അദ്ദേഹത്തിനെ സ്വന്തം ടീം വിലക്കിയപ്പോള്‍ പിന്തുണ നല്‍കിയത് ഈ ഫ്രാഞ്ചൈസിയാണ്.' പഠാന്‍ ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

അടുത്ത സീസണില്‍ ഹൈദരാബാദ് ടീമില്‍ വാര്‍ണര്‍ ഉണ്ടാകില്ല. താരലേലത്തിന് മുമ്പ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങളില്‍ വാര്‍ണര്‍ ഇല്ല. ഹൈദരാബാദ് ആരാധകരോട് യാത്ര പറഞ്ഞ് ഓസീസ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടിരുന്നു. ഐപിഎല്ലില്‍ 5449 റണ്‍സ് അടിച്ചെടുത്ത വാര്‍ണര്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കണ്ടെത്തിയ അഞ്ചാമത്തെ താരമാണ്. നാല് സെഞ്ചുറികളും 50 അര്‍ധ സെഞ്ചുറികളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. 2016-ലാണ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയില്‍ ഹൈദരാബാദ് കിരീടം നേടിയത്. 

Content Highlights: Irfan Pathan defends SRH in David Warner chapter