കാണ്‍പുരില്‍ നടക്കുന്ന ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ഒന്നാം ടെസ്റ്റിലെ ആദ്യ ദിനം മത്സരം അവസാനിച്ച ശേഷം സ്‌റ്റേഡിയം വൃത്തിയാക്കി ഐപിഎസ് ഓഫീസര്‍ അസീം അരുണ്‍. കാണ്‍പുര്‍ നഗറിലെ പോലീസ് കമ്മീഷണറായ അസീം സ്‌റ്റേഡിയത്തില്‍ നിന്ന് വെള്ളക്കുപ്പികളും കവറുകളും ശേഖരിക്കുന്ന വീഡിയോ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഈ വീഡിയോക്ക് മറുപടിയുമായി അസീം അരുണും രംഗത്തെത്തി. കാണ്‍പുര്‍ നഗരം വൃത്തിയായി സൂക്ഷിക്കണമന്ന് രാഷ്ട്രപ്രതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശമുണ്ട്. കാണ്‍പുര്‍ വാസികള്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നിന്ന് അതിന് വലിയൊരു തുടക്കം കുറിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്.'  അസീം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

മത്സരത്തില്‍ ഇന്ത്യ ന്യൂസീലന്‍ഡിനെതിരേ ഒന്നാമിന്നിങ്‌സില്‍ 49 റണ്‍സ് ലീഡ് നേടിയിട്ടുണ്ട്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 345 റണ്‍സിനെതിരേ ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ 296 റണ്‍സിന് പുറത്തായി. അഞ്ചു വിക്കറ്റെടുത്ത അക്ഷര്‍ പട്ടേലും മൂന്നു വിക്കറ്റെടുത്ത ആര്‍ അശ്വിനുമാണ് കീവീസിനെ എറിഞ്ഞിട്ടത്. ഓപ്പണര്‍മാരായ ടോം ലാഥത്തിനും വില്‍ യങ്ങിനും ഒഴികെ മറ്റാര്‍ക്കും കിവീസിനായി തിളങ്ങാനായില്ല. ലാഥം 95 റണ്‍സും യങ് 89 റണ്‍സും നേടി.

Content Highlights: IPS officer Asim Arun spotted cleaning trash at Green Park Stadium India vs New Zealand