ചെന്നൈ: വെടിക്കെട്ടും അടിക്ക് തിരിച്ചടിയുമാണ് ഐ.പി.എല്ലിന്റെ മുഖമുദ്ര. പിച്ചിലായാലും പുറത്തായാലും കൊണ്ടും കൊടുത്തും ജയിക്കാന്‍ പതിനെട്ടടവും പയറ്റും ടീമുകള്‍. പുതിയ സീസണ്‍ തുടങ്ങും മുന്‍പ് തന്നെ ടീമുകള്‍ തമ്മിലുള്ള രസകരമായ ട്വിറ്റര്‍ യുദ്ധവും മുറുകിക്കഴിഞ്ഞു.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഒരു ട്വീറ്റിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊടുത്ത മറുപടി നല്ലൊരു സിക്‌സിനേക്കാള്‍ ആവേശമുള്ളതായിരുന്നു. പുതിയ സീസണിന് തുടക്കമാവുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആര്‍.സി.ബി ഇട്ട പോസ്റ്റിനാണ് ചാമ്പ്യന്മാരായ സൂപ്പര്‍ കിങ്‌സിന്റെ ക്ലാസ് മറുപടി.

തുടക്കക്കാര്‍ക്കായി ഒരു സ്‌പൈസി സൗത്ത് ഇന്ത്യന്‍ ഡെര്‍ബി-പക്ഷേ, ഞങ്ങള്‍ക്ക് പ്രിയം സ്വാദൂറുന്ന സാമ്പാറാണ് എന്നായിരുന്നു ആര്‍.സി.ബിയുടെ ട്വീറ്റ്. എന്നാല്‍, സാമ്പാറിന്റെ നിറം എന്നും മഞ്ഞയാണ് എന്നായിരുന്നു മഞ്ഞക്കുപ്പായത്തില്‍ ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മറുപടി.

ഇരു ടീമുകളുടെയും ആരാധകര്‍ ഈ ട്വകറ്റ് പോരാട്ടം ശരിക്കും ഏറ്റെടുത്തു. ബെംഗളൂരുവില്‍ സാമ്പാറിന്റെ നിറം ചുവപ്പാണ് എന്നുവരെയുണ്ട് ചില രസികരുടെ മറുപടി.

Content Highlights: IPL2019 Royal Challangers Bangalore RCB Chennai Super Kings Sambar Tweet