സിഡ്‌നി: ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ കരാര്‍ ലഭിച്ചതിന്റെ ആവേശത്തിലാണ് ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. 

വിവിധ ഫോര്‍മാറ്റുകളില്‍ നന്നായി കളിക്കുന്നുവെന്ന് താന്‍ കരുതുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയില്‍ നിന്ന് വിവിധ കാര്യങ്ങള്‍ പഠിക്കാന്‍ പോകുന്നതിന്റെ ത്രില്ലിലാണ് താരം. 

മികച്ച താരങ്ങള്‍ നിറഞ്ഞ ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച താരമെന്നും ക്യാപ്റ്റനെന്നുമുള്ള സമ്മര്‍ദങ്ങള്‍ നന്നായി കൈകാര്യം ചെയ്യാന്‍ കോലിക്ക് സാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മാക്‌സ്‌വെല്‍, ഇത്തരം സമ്മര്‍ദങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് കോലിയില്‍ നിന്ന് പഠിക്കാന്‍ ശ്രമിക്കുന്നതെന്നും വ്യക്തമാക്കി. 

ഇത്തവണത്തെ താര ലേലത്തില്‍ പഞ്ചാബ് കിങ്‌സ് റിലീസ് ചെയ്ത മാക്‌സ്‌വെല്ലിനെ 14.25 കോടി രൂപയ്ക്കാണ്  ആര്‍.സി.ബി സ്വന്തമാക്കിയത്.

എ.ബി ഡിവില്ലേഴ്സ്, വിരാട് കോലി എന്നിവരുമായി ഡ്രസ്സിങ് റൂം പങ്കിടാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് ലേലത്തിനു മുമ്പ് മാക്‌സ്‌വെല്‍ പറഞ്ഞിരുന്നു.

Content Highlights: IPL 2021 excited to learn from Virat Kohli says Glenn Maxwell