ബെംഗളൂരു: അങ്ങനെ രണ്ടു ദിവസമായി തുടരുന്ന അനിശ്ചിതത്വങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂര്‍ (ആര്‍.സി.ബി) തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു.

'പുതിയ പതിറ്റാണ്ട്, പുതിയ ആര്‍.സി.ബി, പുതിയ ലോഗോ' എന്ന കുറിപ്പോടെ ആര്‍.സി.ബി ട്വിറ്ററില്‍ പുതിയ ലോഗോ അവതരിപ്പിച്ചു. ഏപ്രിലില്‍ ആരംഭിക്കുന്ന ഐ.പി.എല്‍ 13-ാം സീസണ് മുന്നോടിയായാണ് റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരിന്റെ പുതിയ നീക്കം.

ആര്‍.സി.ബി രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് ചിത്രങ്ങള്‍, പോസ്റ്റുകള്‍, ലോഗോ എന്നിവ നീക്കം ചെയ്തതോടെ ടീമിന്റെ പേരും സ്‌പോണ്‍സര്‍മാരും മാറുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ട്വിറ്റര്‍ അക്കൗണ്ടിലെ ഡിസ്‌പ്ലേ ഫോട്ടോയും കവര്‍ ഫോട്ടോയും മാറ്റുകയും, പേര് റോയല്‍ ചലഞ്ചേഴ്‌സ് എന്ന് മാത്രമായി ചുരുക്കുകയും ചെയ്തിരുന്നു. ഇതിനൊപ്പം ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ മാറ്റമുണ്ടായി.

IPL 2020 RCB delete Twitter, Instagram photos, leave Virat Kohli confused

ഒടുവില്‍ സംശയമുണര്‍ത്തിയ ആരാധകരോട് വെള്ളിയാഴ്ച്ച വരെ കാത്തിരിക്കാനായിരുന്നു ടീമിന്റെ നിര്‍ദേശം. ഇത്തരത്തില്‍ സംശയമുണര്‍ത്തിയവരുടെ കൂട്ടത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ടീം അംഗങ്ങളായ യൂസ്‌വേന്ദ്ര ചാഹലും എബി ഡിവില്ലിയേഴ്‌സ് അടക്കമുള്ളവരും ഉണ്ടായിരുന്നു.

IPL 2020 RCB delete Twitter, Instagram photos, leave Virat Kohli confused

ഇക്കാര്യം കോലി ട്വീറ്റ് ചെയ്യുകയും ചെയ്തു. 'പോസ്റ്റുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു, എന്നാല്‍ ക്യാപ്റ്റനെ ഒന്നും അറിയിച്ചിട്ടില്ല, നിങ്ങള്‍ക്ക് എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നെ അറിയിക്കണം' - കോലി ട്വിറ്ററില്‍ കുറിച്ചു. ഒടുവില്‍ പ്രണയദിനത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ആ സര്‍പ്രൈസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

Content Highlights: IPL 2020 RCB unveils new logo