ക്രിക്കറ്റ് ലോകം സ്‌നേഹത്തോടെ സണ്ണി എന്നു വിളിക്കുന്ന ഇന്ത്യയുടെ സ്വന്തം സുനില്‍ ഗാവസ്‌ക്കറുടെ 71-ാം പിറന്നാളാണ് വെള്ളിയാഴ്ച. ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ സച്ചിന്‍ എന്ന ഇതിഹാസം ഇടംപിടിക്കുന്നതിനു മുമ്പ് അത്തരം ആരാധനകളെല്ലാം ഗാവസ്‌ക്കര്‍ക്ക് അവകാശപ്പെട്ടതായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10,000 റണ്‍സ് സ്വന്തമാക്കിയ താരവും സണ്ണിയായിരുന്നു. ഇതിനൊപ്പം ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറികളെന്ന റെക്കോഡും. ലോകത്തിലെ ഏത് കരുത്തുറ്റ ബൗളിങ് നിരയ്‌ക്കെതിരെയും ഇന്ത്യയുടെ വജ്രായുധമായിരുന്നു ഒരു കാലത്ത് അദ്ദേഹം. 

1983-ല്‍ ആദ്യമായി ലോകകപ്പ് ഉയര്‍ത്തിയ ഇന്ത്യന്‍ ടീമിലെ നിര്‍ണായക സാന്നിധ്യവും മറ്റാരുമായിരുന്നില്ല. 125 ടെസ്റ്റുകള്‍ ഇന്ത്യയ്ക്കായി കളിച്ച സണ്ണി 34 സെഞ്ചുറികളടക്കം അടിച്ചുകൂട്ടിയത് 10,122 റണ്‍സാണ്. 108 ഏകദിനങ്ങളില്‍ നിന്ന് 3,093 റണ്‍സും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 25,834 റണ്‍സ് നേടിയിട്ടുണ്ട് അദ്ദേഹം. 

71-ാം പിറന്നാള്‍ ദിനത്തില്‍ സണ്ണിയെ കുറിച്ചുള്ള ചില കാര്യങ്ങളിതാ...

1) വെസ്റ്റിന്‍ഡീസിനെതിരേ 13 സെഞ്ചുറികള്‍

1970-കളിലെയും 80-കളിലെയും വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം എന്നു പറയുന്നത് ക്രിക്കറ്റ് മൈതാനത്ത് എന്തും നടത്തിയെടുക്കാന്‍ പോന്ന പ്രതിഭകളുടെ ഒരു സംഘമായിരുന്നു. ആരാലും കീഴടക്കാന്‍ സാധിക്കാത്തവരെന്നാണ് ക്രിക്കറ്റ് ലോകം അവരെ വിശേഷിപ്പിച്ചിരുന്നത്. മാല്‍ക്കം മാര്‍ഷലും മൈക്കല്‍ ഹോള്‍ഡിങ്ങും ആന്‍ഡി റോബര്‍ട്ട്‌സുമെല്ലാം അടങ്ങിയ കരീബിയന്‍ ബൗളിങ് യൂണിറ്റിനു മുന്നില്‍ ഒരു ബാറ്റ്‌സ്മാനും മറുപടിയുണ്ടായിരുന്നില്ല. 1975, 1979 ലോകകപ്പ് ജേതാക്കളും കൂടിയായിരുന്നു അവര്‍. ഈ വിന്‍ഡീസ് ബൗളിങ് യൂണിറ്റിനെ ലവലേശം ഭയക്കാതെ റണ്‍സടിച്ചുകൂട്ടിയവരില്‍ പ്രഗത്ഭനായിരുന്നു ഗാവസ്‌ക്കര്‍. അന്നത്തെ കരുത്തുറ്റ വിന്‍ഡീസ് ടീമിനെതിരേ 13 ടെസ്റ്റ് സെഞ്ചുറികള്‍കളാണ് അദ്ദേഹം അടിച്ചെടുത്തത്. ഒരു എതിരാളിക്കെതിരേ ഏറ്റവും അധികം ടെസ്റ്റ് സെഞ്ചുറികള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഇന്നും സണ്ണിയുടെ പേരില്‍ തന്നെ.

2) അരങ്ങേറ്റ പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്

1971-ല്‍ വെസ്റ്റിന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ നടന്ന നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിലൂടെയാണ് ഗാവസ്‌ക്കര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. തുടക്കക്കാരന്റെ പതര്‍ച്ചകളൊന്നുമില്ലാതെ ബാറ്റ് വീശിയ അദ്ദേഹം നാലു മത്സരങ്ങളില്‍ നിന്ന് സ്വന്തമാക്കിയത് 774 റണ്‍സാണ്. ടെസ്റ്റില്‍ അരങ്ങേറ്റ പരമ്പയില്‍ ഒരു താരം നേടുന്ന ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡും ഈ പ്രകടനത്തിനു തന്നെ. നാലു മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഒരു താരം നേടുന്ന രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന റെക്കോഡും സണ്ണിയുടെ ഈ പ്രകടനത്തിനാണ്. 1976-ല്‍ ഒരു പരമ്പരയില്‍ 829 റണ്‍സെടുത്ത വിന്‍ഡീസ് ഇതിഹാസം സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സാണ് ഈ പട്ടികയില്‍ ഒന്നാമത്.

interesting facts from Sunil Gavaskar's historic career

3) ലോര്‍ഡ്‌സില്‍ എം.സി.സിയുടെ നൂറ്റാണ്ടിന്റെ മത്സരത്തിലെ സെഞ്ചുറി

16 വര്‍ഷം നീണ്ടു നിന്ന അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ ക്രിക്കറ്റിന്റെ മെക്കയെന്ന് അറിയപ്പെടുന്ന ലോര്‍ഡ്‌സ് മൈതാനത്ത് ഒരു സെഞ്ചുറി പോലും ഗാവസ്‌ക്കര്‍ക്ക് നേടാനായിട്ടില്ല. പക്ഷേ ലോര്‍ഡ്‌സില്‍ സണ്ണിയുടെ പേരില്‍ ഒരു സെഞ്ചുറിയുണ്ട് താനും. 1987 ഓഗസ്റ്റ് 22-ന് മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബും (എം.സി.സി) റെസ്റ്റ് ഓഫ് ദ വേള്‍ഡ് ഇലവനും തമ്മില്‍ നടന്ന അനൗദ്യോഗിക മത്സരത്തിലാണ് അദ്ദേഹം ലോര്‍ഡ്‌സിലെ മൈതാനത്ത് സെഞ്ചുറി കണ്ടെത്തിയത്. റെസ്റ്റ് ഓഫ് ദ വേള്‍ഡ് ഇലവനായി ഓപ്പണ്‍ ചെയ്ത അദ്ദേഹം 188 റണ്‍സുമെടുത്താണ് മടങ്ങിയത്. സണ്ണിയെ അന്ന് പുറത്താക്കിയതോ ഇന്ത്യന്‍ താരം തന്നെയായ രവി ശാസ്ത്രിയും. 1979-ല്‍ ഇംഗ്ലണ്ടിനെതിരേ നേടിയ 59 റണ്‍സാണ് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ലോര്‍ഡ്‌സിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

4) 10,000 റണ്‍സ് ക്ലബ്ബിലെ ആദ്യ താരം

1987 മാര്‍ച്ച് ഏഴിന് പാകിസ്താനെതിരേ നടന്ന ടെസ്റ്റ് മത്സരത്തില്‍ ക്രിക്കറ്റ് ലോകം അന്നുവരെ കാണാത്ത ഒരു റെക്കോഡ് സുനില്‍ ഗാവസ്‌ക്കര്‍ തന്റെ പേരിലാക്കി. ടെസ്റ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരം. തന്റെ 124-ാം ടെസ്റ്റിലാണ് സണ്ണി ഈ നേട്ടം സ്വന്തമാക്കിയത്.

5) കളിക്കിടയിലെ മുടിവെട്ടല്‍

ബാറ്റിങ്ങിനിടെ താരങ്ങള്‍ പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോകുന്നത് ക്രിക്കറ്റില്‍ പതിവാണ്. എന്നാല്‍ ബാറ്റ് ചെയ്യുന്നതിനിടെ മുടിവെട്ടിയ ചരിത്രമുള്ളയാളാണ് ഗാവസ്‌ക്കര്‍. 1974-ല്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റ് പരമ്പരയില്‍ മാഞ്ചെസ്റ്ററില്‍ നടന്ന ആദ്യ ടെസ്റ്റിനിടെയാണ് ഗാവസ്‌ക്കറുടെ പ്രസിദ്ധമായ മുടിവെട്ടല്‍ അരങ്ങേറിയത്. മുടിവെട്ടിക്കൊടുത്തതോ അമ്പയറായ ഡിക്കി ബേര്‍ഡും. നീളന്‍ മുടിക്കാരനായ ഗാവസ്‌ക്കര്‍ക്ക് മാഞ്ചെസ്റ്ററിലെ കാറ്റുനിറഞ്ഞ അന്തരീക്ഷത്തില്‍ ബാറ്റിങ് ദുഷ്‌കരമായി മാറി. മുടി കാഴ്ച മറയ്ക്കുന്നതിനാല്‍ മറ്റുവഴികളില്ലാതെ അമ്പയറോടു തന്നെ മുടിവെട്ടിത്തരാന്‍ ഗാവസ്‌ക്കര്‍ ആവശ്യപ്പെടുകയായിരുന്നു. ക്രിക്കറ്റ് ബോളിന്റെ നൂല്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്രിക ഉപയോഗിച്ച് അമ്പയര്‍ അദ്ദേഹത്തിന്റെ മുടിവെട്ടിയൊതുക്കുകയും ചെയ്തു. മത്സരത്തില്‍ ഗാവസ്‌ക്കര്‍ സെഞ്ചുറിയും നേടി. പക്ഷേ മത്സരം ഇന്ത്യ 202 റണ്‍സിന് തോറ്റു.

6) ലോകകപ്പ് മത്സരത്തിലെ പ്രസിദ്ധമായ 'മുട്ടല്‍'

1975-ലെ പ്രഥമ ലോകകപ്പില്‍ ഇന്ത്യയും പങ്കെടുത്തിരുന്നു. ലോകകപ്പിന്റെ ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ ആദ്യമത്സരം ഇംഗ്ലണ്ടിനെതിരെയും. എന്നാല്‍ ആ മത്സരം ചരിത്രത്തില്‍ ഇടംപിടിച്ചത് ഗാവസ്‌ക്കറുടെ പ്രസിദ്ധമായ 'മുട്ടിക്കളി'യുടെ പേരിലായിരുന്നു. ജൂണ്‍ ഏഴിന് നടന്ന ആ മത്സരത്തില്‍ 174 പന്തുകള്‍ നേരിട്ട അദ്ദേഹം 36 റണ്‍സുമായി പുറത്താകാതെ നിന്നു. അതായത് 60 ഓവറും ക്രീസില്‍ നിന്ന താരം ആകെ സ്വന്തമാക്കിയത് വെറും 36 റണ്‍സ്. 20.68 ആയിരുന്നു അന്ന് അദ്ദേഹത്തിന്‍രെ സ്‌ട്രൈക്ക് റേറ്റ്. ഒരു ബൗണ്ടറി മാത്രമാണ് ആ ഇന്നിങ്‌സില്‍ ഉടനീളം ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 335 റണ്‍സ് വിജയലക്ഷ്യം പിന്തുടരുമ്പോഴായിരുന്നു ഗാവസ്‌ക്കറുടെ ഈ മെല്ലെപ്പോക്ക് എന്നതാണ് അദ്ഭുതപ്പെടുത്തുന്ന കാര്യം. 202 റണ്‍സിനാണ് ഇന്ത്യ ആ മത്സരം തോറ്റത്.

Content Highlights: interesting facts from Sunil Gavaskar's historic career