തൃശൂര്‍: കോവിഡ്-19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകെ 21 ദിവസത്തേക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ മിക്കവാറും ജനങ്ങള്‍ വീടിനുള്ളില്‍ തന്നെയാണ്. പുറത്തിറങ്ങാനാകാത്തതിന്റെ വിരസത മാറ്റാന്‍ പലരും വീടിനുള്ളില്‍ തന്നെ പലതരം കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്.

അങ്ങനെയൊന്നും അടങ്ങിയിരുന്ന് ശീലമില്ലാത്ത മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഐ.എം വിജയനും ഇത്തരത്തില്‍ വീട്ടിനുള്ളില്‍ കളിയിലാണ്. മകന്‍ ആരോമലിനൊപ്പം വീടിനുള്ളില്‍ ഫുട്‌ബോള്‍ കളിക്കുന്ന വിജയന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

വീടിനുള്ളില്‍ വെറുതെ ഇങ്ങനെ ചടച്ചിരിക്കാന്‍ പറ്റില്ല. അതുകൊണ്ട് ഇത്തരത്തില്‍ ഓരോ കളികളില്‍ ഏര്‍പ്പെടുകയാണെന്ന് വിജയന്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു.

ഗോള്‍ പോസ്റ്റിനോട് സാമ്യം തോന്നുന്ന തരത്തില്‍ രണ്ട് മിനറല്‍ വാട്ടര്‍ ഡ്രമ്മിന് ഇരുപുറവുമായി നിന്ന് ഇരുവരും പന്തടിച്ച് കളിക്കുന്നതാണ് വീഡിയോയിലുള്ളത് ഇതിനിടെ സ്‌കോറിന്റെ കാര്യത്തില്‍ ഇരുവരും ചെറുതായി തല്ലുകൂടുന്നുമുണ്ട്.

ഇരുവരെയും കൈടയടിച്ച് പ്രോതത്സാഹിപ്പിക്കുന്ന പേരക്കുട്ടി ദുവയേയും വീഡിയോയില്‍ കാണാം. ഇടയ്ക്ക് ദേവുവിനെ ഒക്കത്തെടുത്തും വിജയന്‍ കളിക്കുന്നുണ്ട്.

ഫുട്‌ബോള്‍ വീഡിയോ അനലൈസിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ആരോമല്‍ ഇപ്പോള്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു ചിത്രത്തിന്റെ കൊറിയോഗ്രാഫിങ് ജോലിയിലാണ്.

Content Highlights: indoor game in lock down IM Vijayan playing football with son aromal