ബാറ്റെടുത്താല്‍ വെടിക്കെട്ട് ഉറപ്പാണ് ശിഖര്‍ ധവാനില്‍ നിന്ന്. എന്നാല്‍, ഇന്ത്യ വിന്‍ഡീസിനെതിരേ കൊടുങ്കാറ്റായി വീശിയ കരീബിയന്‍ ദ്വീപില്‍ ഇന്ത്യന്‍ ടീമിനൊപ്പം ധവാന്‍ ഉണ്ടായിരുന്നില്ല. ടീമിനൊപ്പമില്ലാത്ത ധവാന്‍ പക്ഷേ, ആരാധകരെ നിരാശപ്പെടുത്തുന്നില്ല.

ബാറ്റ് കൊണ്ടല്ല, പുല്ലാങ്കുഴല്‍ കൊണ്ടാണ് ഇക്കുറി ധവാന്റെ അത്ഭുത ഇന്നിങ്‌സ്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കോവളത്തെ ഒരു ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ കടലിന്നഭിമുഖമായി നിന്ന് പുല്ലാങ്കുഴല്‍ വായിക്കുന്ന ചെറു വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ കണ്ടവരെല്ലാം ഒരുപോലെ അത്ഭുതപ്പെട്ടുപോയി.

കളിക്കുന്നില്ലെങ്കിലും തിരുവനന്തപുരത്ത് ഇന്ത്യ എ ടീമിനൊപ്പമുണ്ട് ധവാന്‍. ഇതിനിടയില്‍ പകര്‍ത്തിയ വീഡിയോയാണിത്.

 
 
 
 
 
 
 
 
 
 
 
 
 

A fresh start.. Trees, the wind, the ocean & some music = bliss. 🎶

A post shared by Shikhar Dhawan (@shikhardofficial) on

ബഹുഭൂരിഭാഗം പേരും ഗബ്ബാര്‍ വിത്ത്  ഫ്ലൂട്ട്, ഡെഡ്‌ലി കോമ്പിനേഷന്‍ എന്നൊക്കെ വിശേഷിപ്പിച്ച് ധവാനെ കലാപ്രകടനത്തിന്റെ പേരില്‍ വാനോളം പുകഴ്ത്തിയപ്പോള്‍ ചിലരെങ്കിലും വീഡിയോയുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിക്കാതിരുന്നില്ല. ധവാനെ കൃഷ്ണനോട് ഉപമിച്ചവര്‍ വരെയുണ്ടായിരുന്നു. എങ്കിലും ചിലര്‍ക്ക് അത്ര വിശ്വാസം വന്നിരുന്നില്ല. ഇത് ശരിക്കുമുള്ള വീഡിയോ തന്നെയാണോ എന്നായിരുന്നു അവരുടെയെല്ലാം സംശയം. വായിക്കുന്നത് ധവാൻ തന്നെയോ എന്നും ചിലർ സംശയം പ്രകടിപ്പിച്ചു. എന്തായാലും വീഡിയോ തിങ്കളാഴ്ചയോടെ തന്നെ ഒന്നേകാല്‍ ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

കഴിഞ്ഞ വര്‍ഷവും ധവാന്‍ ഗുരു വേണുഗോപാലിനൊപ്പം പുല്ലാങ്കുഴല്‍ വായിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി താന്‍ പുല്ലാങ്കുഴല്‍ പഠനത്തിലാണെന്നും അന്ന് ധവാന്‍ കുറിച്ചിരുന്നു. ചെറുപ്പക്കാരോട് തന്റെ പാത പിന്തുടരാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു അന്ന് ധവാന്‍.

നേരത്തെ വെസ്റ്റിന്‍ഡീസിനെതിരായ ടിട്വന്റി, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ധവാന് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ടിട്വന്റി  പരമ്പരയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 27 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ട് ഏകദിനങ്ങളില്‍ നിന്നാകട്ടെ 19  റണ്‍ ശരാശരിയില്‍ ആകെ 38 റണ്‍സും. ടെസ്റ്റ് ടീമില്‍ ഇടം നേടാനായതുമില്ല. ധവാന്‍ ഇല്ലാത്ത ടെസ്റ്റ് ടീം രണ്ട് മത്സരങ്ങളിലും വെസ്റ്റിന്‍ഡീസിനെ നിലംപരിശാക്കി അനായാസമായാണ് പരമ്പര തൂത്തുവാരിയത്.

Content Highlights: Indian Batsman Shikhar Dhawan Plays Flute in Viral Video