മുംബൈ: ഇന്ത്യയുടെ ഓള്‍ റൗണ്ടര്‍ ശ്രേയസ് ഗോപാല്‍ വിവാഹിതനായി. ബിസിനസുകാരിയായ നിഖിതയെയാണ് ശ്രേയസ് ജീവിത സഖിയാക്കിയത്. ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങള്‍ ശ്രേയസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും വിവാഹനിശ്ചയം ഈ വര്‍ഷം ആദ്യം കഴിഞ്ഞിരുന്നു. 

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രേയസ് ഈ സീസണില്‍ മൂന്നു മത്സരങ്ങള്‍ മാത്രമാണ് കളിച്ചത്. ഏഴ് റണ്‍സ് നേടിയ താരത്തിന് വിക്കറ്റൊന്നും വീഴ്ത്താന്‍ കഴിഞ്ഞിരുന്നില്ല. 2014 മുതല്‍ ഐപിഎല്ലില്‍ കളിക്കുന്ന താരം 48 മത്സരങ്ങളില്‍ നിന്ന് 171 റണ്‍സും 48 വിക്കറ്റും നേടി. 24 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍. 

2014-ല്‍ മുംബൈ ഇന്ത്യന്‍സില്‍ അരങ്ങേറ്റം കുറിച്ച താരം നാല് സീസണില്‍ ടീമിനൊപ്പം കളിച്ചു. 2018-ല്‍ രാജസ്ഥാന്‍ റോയല്‍സിലെത്തി. 2019-ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഹാട്രിക് നേടി. വിരാട് കോലിയേയും എബി ഡിവില്ലിയേഴ്‌സിനേയും മാര്‍ക്കസ് സ്‌റ്റോയ്ന്‍സിനേയുമാണ് 28-കാരന്‍ പുറത്താക്കിയത്.

Content Highlights: Indian all-rounder Shreyas Gopal marries long-time girlfriend Nikitha