മുംബൈ: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ നിര്‍ഭാഗ്യകരമായ രീതിയില്‍ പുറത്തായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി.

എല്‍.ബി.ഡബ്ല്യു അപ്പീലില്‍ പന്ത് ആദ്യം ബാറ്റില്‍ തട്ടിയെന്ന് മനസിലായ കോലി റിവ്യൂ എടുത്തെങ്കിലും തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിക്കുകയായിരുന്നു. 

രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനത്തിലായിരുന്നു സംഭവം. അജാസ് പട്ടേല്‍ എറിഞ്ഞ 30-ാം ഓവറിലെ അവസാന പന്തില്‍ കോലി വിക്കറ്റിന് മുന്നില്‍ കുരുങ്ങി. കിവീസ് താരങ്ങളുടെ അപ്പീലിനു പിന്നാലെ ഓണ്‍ഫീല്‍ഡ് അമ്പയര്‍ അനില്‍ ചൗധരിയുടെ വിരലുയര്‍ന്നു. 

പന്ത് ആദ്യം ബാറ്റില്‍ തട്ടിയെന്ന് ഉറപ്പുണ്ടായിരുന്ന കോലി ഉടന്‍തന്നെ റിവ്യൂ എടുത്തു. 

എന്നാല്‍ വിവിധ ആംഗിളുകള്‍ പരിശോധിച്ചിട്ടും പന്ത് ആദ്യം പാഡിലാണോ ബാറ്റിലാണോ ഇനി ഒരേസമയം രണ്ടിടത്തും തട്ടിയതാണോ എന്ന് ടിവി അമ്പയര്‍ വീരേന്ദര്‍ ശര്‍മയ്ക്ക് സംശയമുയര്‍ന്നു. ഇതോടെ അദ്ദേഹം ഓണ്‍ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. എന്നാല്‍ ചില റീപ്ലേകളില്‍ പന്ത് ആദ്യം ബാറ്റിലിടിച്ച് ഗതിമാറിയതായി കാണുന്നുണ്ടായിരുന്നു.

ഇതിനു ശേഷം അനില്‍ ചൗധരിയുമായി സംസാരിച്ച ശേഷമാണ് കോലി ക്രീസ് വിട്ടത്. പുറത്തായതിലെ അതൃപ്തി താരത്തില്‍ പ്രകടമായിരുന്നു.

ഡ്രസ്സിങ് റൂമിലിരുന്ന റീപ്ലേ കണ്ട കോച്ച് രാഹുല്‍ ദ്രാവിഡിന്റെ മുഖത്തും അതൃപ്തി വ്യക്തമായിരുന്നു.

Content Highlights: india vs new zealand virat kohli was furious with the third-umpire decision