മുംബൈ: ചെറിയ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് ക്യാപ്റ്റന്‍ വിരാട് കോലിക്ക് സമ്മാനിച്ചത് നിരാശയാണ്. ന്യൂസീലന്‍ഡിനെതിരേ മുംബൈ വാങ്കെഡെയില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം താരം പൂജ്യനായി മടങ്ങി. 

നാലു പന്തുകളുടെ ആയുസ് മാത്രമേ കോലിക്കുണ്ടായിരുന്നുള്ളൂ. ഈ വര്‍ഷം ഇത് നാലാം തവണയാണ് കോലി ടെസ്റ്റില് ഡക്കാകുന്നത്. ഇതോടെ ഒരു കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ കൂടുതല്‍ തവണ പൂജ്യത്തിനു പുറത്താകുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന നാണക്കേട് കോലിയുടെ പേരിലായി.

മാത്രമല്ല നാട്ടില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ ക്യാപ്റ്റനും കോലി തന്നെ. ഇത് ആറാം തവണയാണ് കോലി നാട്ടില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഡക്കാകുന്നത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുടെ അഞ്ചു ഡക്കുകളെന്ന നാണക്കേടാണ് കോലിക്ക് മുന്നില്‍ വഴിമാറിയത്.

ഇതോടൊപ്പം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായിട്ടുള്ള രണ്ടാമത്തെ ക്യാപ്റ്റനെന്ന നാണക്കേടും കോലിയുടെ പേരിലായി. 10 തവണ ഡക്കായ മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രെയിം സ്മിത്തിന്റെ റെക്കോഡിനൊപ്പമാണ് ഇപ്പോള്‍ കോലി. 13 ഡക്കുകളുമായി മുന്‍ കിവീസ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ളെമിങ്ങാണ് കോലിക്ക് മുന്നിലുള്ളത്.

അതേസമയം ന്യൂസീലന്‍ഡിനെതിരേ കോലി പുറത്തായ രീതി തീര്‍ത്തും നിര്‍ഭാഗ്യകരമായിരുന്നു. അജാസ് പട്ടേലിന്റെ പന്തില്‍ കോലിക്കെതിരേ എല്‍.ബി.ഡബ്ല്യു അപ്പീല്‍ ഉയര്‍ന്നപ്പോള്‍ അമ്പയര്‍ അനില്‍ ചൗധരി ഔട്ട് വിളിക്കുകയായിരുന്നു. പന്ത് ആദ്യം ബാറ്റില്‍ തട്ടിയിട്ടുണ്ടെന്ന് ബോധ്യമുണ്ടായിരുന്ന കോലി റിവ്യൂ എടുത്തു.

എന്നാല്‍ വിവിധ ആംഗിളുകള്‍ പരിശോധിച്ചിട്ടും ബാറ്റിലാണോ പാഡിലാണോ പന്ത് ആദ്യം തട്ടിയതെന്ന് വ്യക്തമാകാതിരുന്ന ടിവി അമ്പയര്‍ ഫീല്‍ഡ് അമ്പയറായ അനില്‍ ചൗധരിയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചാണ് കോലി ക്രീസ് വിട്ടത്.

Content Highlights: india vs new zealand virat kohli sets unwanted record after out duck