മുംബൈ: ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടു ടെസ്റ്റിലും ന്യൂസീലന്‍ഡ് ടീമില്‍ ഇടംലഭിക്കാതിരുന്ന താരമാണ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍. എന്നാല്‍ പരമ്പര അവസാനിച്ച് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒരു ലക്ഷം രൂപയുടെ സമ്മാനം സാന്റ്‌നറുടെ പേരിലായിരുന്നു. 

മുംബൈയില്‍ നടന്ന  രണ്ടാം ടെസ്റ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി ഫീല്‍ഡില്‍ കാഴ്ചവെച്ച ഒരു അസാമാന്യ പ്രകടനമാണ് സാന്റ്‌നര്‍ക്ക് ഒരു ലക്ഷം രൂപ ലഭിക്കുന്നതിന് കാരണമായത്.

മുംബൈ ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് സാന്റ്‌നര്‍ ഈ പ്രകടനം പുറത്തെടുത്തത്. പകരക്കാരനായി താരം ഫീല്‍ഡിങ്ങിനിറങ്ങിയിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 46-ാം ഓവര്‍. വില്യം സോമര്‍വില്ലെ എറിഞ്ഞ ആ ഓവറിലെ ആദ്യ പന്ത് ശ്രേയസ് അയ്യര്‍ മിഡ്‌വിക്കറ്റിന് മുകളിലൂടെ അടിച്ചു. എല്ലാവരുെ സിക്‌സെന്ന് ഉറപ്പിച്ച ആ ഷോട്ടില്‍ പക്ഷേ സാന്റ്‌നര്‍ക്ക് മറ്റു പ്ലാനുകളുണ്ടായിരുന്നു. 

ബൗണ്ടറിലൈനിനടുത്ത് നിന്ന് അസാമാന്യ മെയ്‌വഴക്കത്തോടെ സാന്റ്‌നര്‍ പന്ത് പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ താന്‍ ബൗണ്ടറിക്കപ്പുറത്തേക്ക് വീഴുമെന്ന് ഉറപ്പായ താരം പന്ത് പുറത്തേക്ക് എറിയുകയായിരുന്നു. കാണികള്‍ നിറഞ്ഞ കൈയടികളോടെയാണ് താരത്തിന്റെ ഈ രക്ഷപ്പെടുത്തലിനെ സ്വീകരിച്ചത്. ഇതിലൂടെ അഞ്ചു റണ്‍സ് സേവ് ചെയ്യാനും സാന്റ്‌നറിനായി. 

മത്സര ശേഷം 'സേവ് ഓഫ് ദ് മാച്ച്' പുരസ്‌കാരം സാന്റ്‌നറിന്റെ ഈ പ്രകടനത്തിനായിരുന്നു.

Content Highlights: IND vs NZ 2nd Test; New Zealand’s Mitchell Santner Bags Rs 1 Lakh For Stunning Fielding Effort