കൊല്‍ക്കത്ത: ഇന്ത്യന്‍ മണ്ണിലെ ആദ്യ ഡേ-നൈറ്റ് ടെസ്‌റ്റെന്ന ചരിത്രം പിറന്ന മത്സരത്തില്‍ ടെസ്റ്റ് കരിയറിലെ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ക്യാപ്റ്റനെന്ന നിലയില്‍ ടെസ്റ്റില്‍ 5000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് കോലി കൊല്‍ത്തക്ക ഈഡന്‍ ഗാര്‍ഡന്‍സില്‍ സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരേ വ്യക്തിഗത സ്‌കോര്‍ 32-ല്‍ എത്തിയതോടെയാണ് കോലി ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയെ നയിച്ച 53-ാം ടെസ്റ്റിലാണ് കോലി ഈ നേട്ടത്തിലെത്തിയിരിക്കുന്നത്. മത്സരം ആരംഭിക്കും മുമ്പ് ക്യാപ്റ്റനെന്ന നിലയില്‍ 4968 റണ്‍സായിരുന്നു കോലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.

അതേസമയം അന്താരാഷ്ട്ര തലത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ ക്യാപ്റ്റനാണ് കോലി. ഗ്രെയിം സ്മിത്ത് (109 മത്സരങ്ങളില്‍ നിന്ന് 8659 റണ്‍സ്), അലന്‍ ബോര്‍ഡര്‍ (93 മത്സരങ്ങളില്‍ നിന്ന് 6623 റണ്‍സ്), റിക്കി പോണ്ടിങ് (77 മത്സരങ്ങളില്‍ നിന്ന് 6542 റണ്‍സ്), ക്ലൈവ് ലോയ്ഡ് (74 മത്സരങ്ങളില്‍ നിന്ന് 5233 റണ്‍സ്), സ്റ്റീഫന്‍ ഫ്ളെമിങ് (80 മത്സരങ്ങളില്‍ നിന്ന് 5156 റണ്‍സ്), എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയ നായകര്‍.

Content Highlights: india vs bangaldesh virat kohli achieved massive record