മെല്‍ബണ്‍: അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ മായങ്ക് അഗര്‍വാള്‍ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ പണി കിട്ടിയത് കെ.എല്‍ രാഹുലിനാണ്. ആദ്യ രണ്ട് ടെസ്റ്റുകളിലും ദയനീയമായി പരാജയപ്പെട്ട രാഹുലിനെ മൂന്നാം ടെസ്റ്റില്‍ പരിഗണിച്ചിരുന്നില്ല. തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് തന്നെയുള്ള മായങ്ക് അഗര്‍വാളിന് ഓപ്പണറായി അവസരം ലഭിക്കുകയായിരുന്നു. 76 റണ്‍സടിച്ച് മായങ്ക് അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.

ഇതോടെ കെ.എല്‍ രാഹുലിനെ ട്രോളുന്ന തിരക്കിലാണ് ക്രിക്കറ്റ് ആരാധകര്‍. മായങ്ക് രാഹുലിന്റെ താടിയില്‍ പിടിക്കുന്ന ഒരു ചിത്രം ഉപയോഗിച്ചാണ് രാഹുലിനെതിരായ ട്രോളുകള്‍ നിറയുന്നത്. നീ ഇിനി താടിയില്‍ മാത്രം ശ്രദ്ധിക്കൂ, ഓപ്പണിംഗ് ഇനി ഞാന്‍ നോക്കിക്കൊള്ളാമെന്ന്  മായങ്ക്, രാഹുലിനോട് പറയുന്ന രീതിയിലാണ് ട്രോളുകള്‍. മായങ്കിന്റെ പ്രകടനം കണ്ടിരിക്കുന്ന രാഹുലും വിജയും ഞങ്ങള്‍ നിക്കണോ അതോ പോണോ എന്ന് ചോദിക്കുന്നതാണ് രസകരമായ ഒരു ട്രോള്‍.

ആദ്യ രണ്ട് ടെസ്റ്റില്‍ കെ.എല്‍ രാഹുലും മുരളി വിജയും ഓപ്പണിങ്ങില്‍  പരാജയപ്പെട്ടിരുന്നു. ഒരു അര്‍ധസെഞ്ചുറി നേടാന്‍ പോലും ഇരുവര്‍ക്കും കഴിഞ്ഞിരുന്നില്ല. ഓപ്പണിങ്ങിലെ ഈ സ്ഥിരതയില്ലായ്മ ഇന്ത്യയുടെ മധ്യനിരയെ സമ്മര്‍ദത്തിലാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ ഏറെക്കാലമായി സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കുന്ന മായങ്കിനെ സെലക്ടര്‍മാര്‍ ടീമിലെടുത്തത്.

tweet

tweet

Content Highlights: India vs Australia Fans troll KL Rahul after Mayank Agarwal’s impressive debut