ന്യൂഡല്‍ഹി: 1985-ല്‍ സുനില്‍ ഗാവസ്‌ക്കര്‍ക്കു കീഴില്‍ കളിച്ച ഇന്ത്യന്‍ ടീം ഇന്നത്തെ വിരാട് കോലിയുടെ ടീമിനെ പോലും വിറപ്പിക്കാന്‍ പോന്നവരായിരുന്നുവെന്ന് ഇന്ത്യന്‍ ടീം കോച്ചും അന്നത്തെ ടീം അംഗവുമായിരുന്ന രവി ശാസ്ത്രി.

അന്ന് സുനില്‍ ഗവാസ്‌ക്കറുടെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പ് ജയിച്ച ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്നു ശാസ്ത്രി. ഫൈനലില്‍ പാകിസ്താനെ തോല്‍പ്പിച്ച് ഇന്ത്യ കിരീടം ചൂടിയപ്പോള്‍ ടൂര്‍ണമെന്റിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും ശാസ്ത്രി തന്നെ. ഔഡിയുടെ ഒരു സെഡാനാണ് അന്ന് ശാസ്ത്രിക്ക് സമ്മാനമായി ലഭിച്ചത്.

1985-ലെ ടീം മികവിന്റെ കാര്യത്തില്‍ 1983-ല്‍ ലോകകപ്പ് നേടിയ ടീമിനേക്കാള്‍ മികച്ചതായിരുന്നുവെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. 1983-നേക്കാള്‍ കരുത്തര്‍ 1985-ലെ ടീമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

India's team of 1985 could trouble even the current team led by Virat Kohli Ravi Shastri
ശാസ്ത്രിക്ക് സമ്മാനമായി ലഭിച്ച ഔഡി

യുവത്വയും അനുഭവസമ്പത്തും കൃത്യമായി ഒത്തുചേര്‍ന്ന ടീമായിരുന്നു അതെന്നും രണ്ടു ടീമിന്റെയും ഭാഗമായിരുന്ന ശാസ്ത്രി ചൂണ്ടിക്കാട്ടി. സോണിയുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

71 വര്‍ഷത്തിനിടെ ആദ്യമായി 2018-19 ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടെസ്റ്റ് പരമ്പര ജയിച്ചത് ഏറെ പ്രത്യേകത നിറഞ്ഞ സംഭവമായിരുന്നെന്ന് പറഞ്ഞ ശാസ്ത്രി നിശ്ചിത ഓവര്‍ ക്രിക്കറ്റിലേക്കു വരുമ്പോള്‍ 1985-ലെ വിജയമായിരുന്നു മികച്ചതെന്നും വ്യക്തമാക്കി.

1985 ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 10 വരെയായിരുന്നു ലോക ചാമ്പ്യന്‍ഷിപ്പ് നടന്നത്.

Content Highlights: India's team of 1985 could trouble even the current team led by Virat Kohli Ravi Shastri