മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ഗാലറിയെ ചുംബിച്ച എം.എസ് ധോനിയുടെ ആ ചരിത്ര സിക്‌സ് പിറന്നിട്ട് വെള്ളിയാഴ്ച 10 വര്‍ഷം തികയുകയാണ്.

വാംഖഡെ സ്റ്റേഡിയത്തില്‍ സഹതാരങ്ങള്‍ സച്ചിനെ തോളിലേറ്റിയിട്ട്, ഗൗതം ഗംഭീര്‍ തന്റെ മാച്ച് വിന്നിങ് 97 റണ്‍സ് സ്‌കോര്‍ ചെയ്തിട്ട്, സഹീര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ചതെന്ന് പറയാവുന്ന ഓപ്പണിങ് സ്‌പെല്‍ എറിഞ്ഞിട്ട്, പിച്ചിന് നടുവില്‍ യുവിയും മഹിയും ആ വിശ്വ വിജയം ആഘോഷിച്ചിട്ട് ഇന്ന് 10 വര്‍ഷം  തികയുകയാണ്. 

28 വര്‍ഷത്തിനു ശേഷത്തിനു ശേഷം ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടു. കപില്‍ ദേവിന് ശേഷം ഏകദിന ലോകകപ്പ് ഉയര്‍ത്തുന്ന ഇന്ത്യയുടെ രണ്ടാമത്തെ നായകനായി എം.എസ് ധോനി മാറി.

ഇന്ത്യയുടെ മഹത്തായ വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഇന്ത്യയുടെ 15 ലോകകപ്പ് ഹീറോസ് ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് അറിയണ്ടേ? 15 അംഗ ലോകകപ്പ് സംഘത്തിലെ 11 പേരും ഇന്ന് വിരമിച്ചു കഴിഞ്ഞു. അതില്‍ വിരാട് കോലിയും ആര്‍. അശ്വിനും മാത്രമാണ് ഇന്ന് അന്താരാഷ്ട്ര തലത്തില്‍ കളിക്കുന്നത്. 

എം.എസ് ധോനി (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ് (വൈസ് ക്യാപ്റ്റന്‍), സച്ചിന്‍ തെണ്ടുല്‍ക്കര്‍, യുവ്‌രാജ് സിങ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, സഹീര്‍ ഖാന്‍, മുനാഫ് പട്ടേല്‍, ആശിഷ് നെഹ്‌റ, വിരാട് കോലി, ഹര്‍ഭജന്‍ സിങ്, പിയുഷ് ചൗള, ആര്‍. അശ്വിന്‍, ശ്രീശാന്ത്, യൂസഫ് പത്താന്‍ എന്നിവരായിരുന്നു ഇന്ത്യയുടെ ലോകകപ്പ് ടീമിലെ അംഗങ്ങള്‍.

1. എം.എസ് ധോനി

ധോനി 2019 ഓഗസ്റ്റ് 15-ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. എന്നിരുന്നാലും ഇന്ത്യയുടെ ലോകകപ്പ് ക്യാപ്റ്റന്‍ ഐ.പി.എല്ലില്‍ തുടര്‍ന്ന് കളിക്കുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പുതിയ സീസണിലും നയിക്കുന്നത് ധോനിയാണ്. 2019 ലോകകപ്പിന് ശേഷം ധോനി ഇന്ത്യയ്ക്കായി കളിച്ചിട്ടില്ല. കമന്ററി, കോച്ചിങ് റോളുകളില്‍ നിന്നും ധോനി വിട്ടുനില്‍ക്കുകയാണ്. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി റാങ്കായ ലഫ്റ്റനന്റ് കേണല്‍ പദവിയും ധോനിക്കുണ്ട്. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം ധോനി 164 മത്സരങ്ങള്‍ കളിച്ചു. 2015 ലോകകപ്പിലും ഇന്ത്യയെ നയിച്ചു.

2. വിരാട് കോലി

തന്റെ ആദ്യ ലോകകപ്പ് ടൂര്‍ണമെന്റ് തന്നെ ജയിക്കാന്‍ സാധിച്ച താരമാണ് നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റനായ കോലി. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ നയിക്കുന്ന അദ്ദേഹം സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ്. ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം കോലി 200 ഏകദിനങ്ങളില്‍ കളിച്ചു. 2017 ചാമ്പ്യന്‍സ് ട്രോഫിയിലും 2019 ലോകകപ്പിലും ഇന്ത്യയെ നയിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലും ഇന്ത്യ കളിക്കാന്‍ പോകുന്നത് കോലിയുടെ കീഴിലാണ്. 

3. വീരേന്ദര്‍ സെവാഗ്

2015-ല്‍ തന്റെ 37-ാം ജന്മദിനത്തില്‍ സെവാഗ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2015 വരെ ഐ.പി.എല്ലിലും കളിച്ചിരുന്നു. നിലവില്‍ കമന്റേറ്ററായി സജീവമാണ് സെവാഗ്. ഹരിയാനയില്‍ സ്വന്തമായി സ്‌കൂളും നടത്തുന്നു. അടുത്തിടെ റായ്പുരില്‍ നടന്ന റോഡ് സേഫ്റ്റ് വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റില്‍ സെവാഗ് പങ്കെടുത്തിരുന്നു. 

2011 ലോകകപ്പിന് ശേഷം

2013-ലാണ് സെവാഗ് ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്. 2011 ലോകകപ്പിന് ശേഷം വെറും 15 മത്സരങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാനായത്. ഇക്കാലയളവില്‍ 513 റണ്‍സും ഒരു സെഞ്ചുറിയും അദ്ദേഹം നേടി.

4. സച്ചിന്‍ തെണ്ടുല്‍ക്കര്‍

2013 നവംബറില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 2012-നും 2018-നും ഇടയില്‍ പാര്‍ലമെന്റ് അംഗമായിരുന്നു. ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററായി സേവനമനുഷ്ടിച്ചു. അടുത്തിടെ റോഡ് സേഫ്റ്റ് വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സിനെ കിരീടത്തിലേക്ക് നയിച്ചു. 

2011 ലോകകപ്പിന് ശേഷം.

ലോകകപ്പിന് ശേഷം സച്ചിന്‍ 10 ഏകദിനങ്ങള്‍ മാത്രമാണ് കളിച്ചത്. 2012 ഏഷ്യാ കപ്പില്‍ കരിയറിലെ 100-ാം സെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി.

5. യുവ്‌രാജ് സിങ്

2011 ലോകകപ്പില്‍ ഇന്ത്യയുടെ മാച്ച് വിന്നറായിരുന്നു യുവി. 362 റണ്‍സും 15 വിക്കറ്റുമായി തിളങ്ങിയ യുവിയായിരുന്നു ലോകകപ്പിലെ മാന്‍ ഓഫ് ദ സീരീസ്. ലോകകപ്പ് വിജയം പിന്നിട്ട് ഏഴു മാസത്തിനു ശേഷം അദ്ദേഹം കാന്‍സര്‍ ബാധിതനാണെന്ന് കണ്ടെത്തി. ശ്വാസകോശത്തില്‍ ട്യൂമര്‍ വളരുന്നുണ്ടായിരുന്നു. ലോകകപ്പ് സമയത്ത് പോലും യുവി ഈ ട്യൂമറുമായി പൊരുതുകയായിരുന്നു. ലോകകപ്പിനിടെ പലപ്പോഴും താരം മൈതാനത്ത് ഛര്‍ദ്ദിച്ചിരുന്നു. അമേരിക്കയില്‍ ചികിത്സയ്ക്ക് വിധേയനായ യുവി 2012-ല്‍ കാന്‍സര്‍ മോചിതനായി. 

2012-ല്‍ തന്നെ താരം ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി. 2012, 2014 ട്വന്റി 20 ലോകകപ്പുകളിലും 2017 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. 2019-ല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും 2020-ല്‍ തിരിച്ചുവരാന്‍ തീരുമാനിച്ചു. അടുത്തിടെ റോഡ് സേഫ്റ്റ് വേള്‍ഡ് സീരീസ് ട്വന്റി 20 ടൂര്‍ണമെന്റില്‍ ഇന്ത്യ ലെജന്റ്‌സിനായി കളിച്ചു. യുവീകാന്‍ എന്ന ഫൗണ്ടേഷനും താരം നടത്തുന്നുണ്ട്. ബോധവല്‍ക്കണത്തിലൂടെയും നേരത്തെയുള്ള പരിശോധനകളിലൂടെയും മറ്റും കാന്‍സറിനെതിരേ പോരാടാന്‍ ലക്ഷ്യമിടുന്ന ഫൗണ്ടേഷനാണിത്.  

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം 30 ഏകദിനങ്ങള്‍ കളിച്ച യുവി 2017 ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണറപ്പുകളായ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു.

6. ഗൗതം ഗംഭീര്‍

നിലവില്‍ ബി.ജെ.പിയുടെ ലോക്‌സഭാംഗമാണ് ഗംഭീര്‍. 2019-ല്‍ ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നാണ് അദ്ദേഹം ജയിച്ചത്. 2011 ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു (97) അദ്ദേഹം. രാജ്യത്തെ ഏതാനും പത്രങ്ങളിലും സ്‌പോര്‍ട്‌സ് പോര്‍ട്ടലുകളിലും മറ്റും നിലവില്‍ കമന്റേറ്ററായും അനലിസ്റ്റായും പ്രവര്‍ത്തിക്കുന്നുണ്ട്. ഗൗതം ഗംഭീര്‍ ഫൗണ്ടേഷനും താരം നടത്തുന്നുണ്ട്.

2018 ഡിസംബറിലാണ് ഗംഭീര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. 2018 വരെ ഐ.പി.എല്ലിലും അദ്ദേഹം കളിച്ചു. 2014-ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐ.പി.എല്‍ കിരീടത്തിലേക്ക് നയിച്ചു. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം ഗംഭീര്‍ ഇന്ത്യയ്ക്കായി 33 ഏകദിനങ്ങള്‍ കളിച്ചു. 2013-ലാണ് അദ്ദേഹം ഇന്ത്യയ്ക്കായി അവസാനമായി ഏകദിനം കളിച്ചത്.

7. സഹീര്‍ ഖാന്‍

കഴിഞ്ഞ 3 വര്‍ഷമായി സഹീര്‍ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ മെന്ററാണ്. ക്രിക്കറ്റ് ഡയറക്ടറായി 2018-ലാണ് അദ്ദേഹം ടീമിനൊപ്പം ചേരുന്നത്. ഇതുകൂടാതെ സഹീര്‍ കമന്റേറ്ററും അനലിസ്റ്റുമാണ്. 2015-ലാണ് സഹീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത്. 2017 വരെ ഐ.പി.എല്ലിലും കളിച്ചു. 

2011 ലോകകപ്പിന് ശേഷം

2019 ലോകകപ്പിന് ശേഷം ഒമ്പത് ഏകദിനങ്ങളില്‍ മാത്രമാണ് സഹീര്‍ ഖാന്‍ കളിച്ചത്. 2012-ലാണ് അവസാനമായി ഏകദിനം കളിച്ചത്.

8. ഹര്‍ഭജന്‍ സിങ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവമല്ലെങ്കിലും ഐ.പി.എല്ലിലെ നിറ സാന്നിധ്യമാണ് ഹര്‍ഭജന്‍. 2019 ഐ.പി.എല്ലില്‍ അവസാനമായി കളിച്ച അദ്ദേഹം ഇപ്പോള്‍ കൊല്‍ക്കത്തയ്‌ക്കൊപ്പം പുതിയ സീസണായുള്ള തയ്യാറെടുപ്പിലാണ്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020 ഐ.പി.എല്ലില്‍ നിന്ന് ഹര്‍ഭജന്‍ പിന്മാറിയിരുന്നു. ക്രിക്കറ്റിന് പുറമെ ആജ് തക്, ഇന്ത്യ ടുഡെ തുടങ്ങിയ മാധ്യമങ്ങളിലെ അനലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു.

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം 10 ഏകദിനങ്ങളില്‍ മാത്രമാണ് ഹര്‍ഭജന്‍ കളിച്ചത്. 2015 വരെ ടെസ്റ്റ് - ഏകദിന ടീമുകളുടെയും 2016 വരെ ട്വന്റി 20 ടീമിന്റെയും ഭാഗമായിരുന്നു. 

9. ആശിഷ് നെഹ്റ

ഹിന്ദി ചാനലുകളില്‍ കമന്റേറ്ററായി സജീവമാണ് നെഹ്‌റ. 2017-ല്‍ ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും നെഹ്‌റ വിരമിച്ചിരുന്നു. 2017 വരെ ഐ.പി.എല്ലിലും കളിച്ചു. തുടര്‍ന്ന് ബാംഗ്ലൂര്‍ ടീമിന്റെ സഹ പരിശീലകനായും പ്രവര്‍ത്തിച്ചു. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പ് സെമി ഫൈനലിന് ശേഷം ആശിഷ് നെഹ്റ ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിച്ചിട്ടില്ല. 

10. ശ്രീശാന്ത്

2011 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുമ്പോള്‍ 28 വയസായിരുന്നു ശ്രീശാന്തിന്. 2013-ല്‍ ഐ.പി.എല്‍ വാതുവെയ്പ്പില്‍ പങ്കുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഏഴു വര്‍ഷത്തോളം വിലക്ക് നേരിട്ട ശ്രീശാന്ത് അടുത്തിടെയാണ് ആഭ്യന്തര മത്സരത്തിലേക്ക് തിരികെയെത്തിയത്. ഇതിനിടെ അഭിനയം, രാഷ്ട്രീയം, റിയാലിറ്റി ഷോകള്‍ എന്നിവയിലും ഒരു കൈ നോക്കിയിരുന്നു.

വാതുവെയ്പ്പ് വിവാദത്തെ തുടര്‍ന്ന് 2013-ല്‍ ബി.സി.സി.ഐ ശ്രീശാന്തിനെ ആജീവനാന്തം വിലക്കിയിരുന്നു. ഏറെ നാളത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് താരത്തിന്റെ വിലക്ക് ഏഴു വര്‍ഷമായി കുറച്ചിരുന്നു. വിലക്ക് 2020 സെപ്റ്റംബറില്‍ അവസാനിച്ചു. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം ശ്രീശാന്ത് ഇന്ത്യയ്ക്കായി ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. 

11. സുരേഷ് റെയ്ന

വ്യക്തിപരമായ കാരണങ്ങളാല്‍ കഴിഞ്ഞ ഐ.പി.എല്ലില്‍ നിന്ന് പിന്മാറിയ റെയ്‌ന ഈ സീസണില്‍ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ടൂര്‍ണമെന്റിന് മുന്നോടിയായി റെയ്‌ന ഉത്തര്‍പ്രദേശില്‍ പരിശീലനം നടത്തിയിരുന്നു. ഈ വര്‍ഷം സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലും താരം കളിച്ചിരുന്നു. 2020 ഓഗസ്റ്റ് 15-ന് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് റെയ്‌നയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം റെയ്‌ന 111 ഏകദിനങ്ങളില്‍ കളിച്ചു. 2018 വരെ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ടീമിലും റെയ്‌നയുണ്ടായിരുന്നു. 

12. ആര്‍. അശ്വിന്‍

കോലിയെ പോലെ തന്നെ തന്റെ ആദ്യ ലോകകപ്പില്‍ തന്നെ കിരീടം നേടാന്‍ സാധിച്ച താരമാണ് അശ്വിന്‍. 2011 ലോകകപ്പിനു ശേഷം അശ്വിന്‍ കൂടുതല്‍ കരുത്താര്‍ജിച്ചു. എങ്കിലും 2017-ന് ശേഷം താരം ഇന്ത്യയ്ക്കായി നിശ്ചിത ഓവര്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ഇത്തവണത്തെ ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമാണ് അശ്വിന്‍. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം അശ്വിന്‍ 102 ഏകദിനങ്ങള്‍ കളിച്ചു. 2013-ല്‍ ചാമ്പ്യന്‍സ് ട്രോഫി നേടിയ ഭാഗത്തിന്റെ ഭാഗമായിരുന്നു. 2015 ലോകകപ്പിലും 2017 ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയ്ക്കായി കളിച്ചു. 

13. മുനാഫ് പട്ടേല്‍

2018-ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഫ്രാഞ്ചൈസി ടൂര്‍ണമെന്റുകളില്‍ സജീവമാണ് മുനാഫ് പട്ടേല്‍. 2020 ലങ്ക പ്രീമിയര്‍ ലീഗില്‍ കാന്‍ഡി ടസ്‌ക്കേഴ്‌സിന്റെ താരമായിരുന്നു അദ്ദേഹം. റോഡ് സേഫ്റ്റി വേല്‍ഡ് സീരീസില്‍ ഇന്ത്യ ലെജന്റ്‌സിനായി കളിച്ചിരുന്നു. 2017 വരെ ഐ.പി.എല്ലില്‍ കളിച്ച താരം 2016 വരെ ആഭ്യന്തര ക്രിക്കറ്റിലും തുടര്‍ന്നു. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം എട്ട് ഏകദിനങ്ങള്‍ മാത്രമാണ് മുനാഫ് കളിച്ചത്. പരിക്കും മറ്റും അലട്ടിയതോടെ 2011-ന് ശേഷം താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

14. യൂസഫ് പത്താന്‍

2021 ഫെബ്രുവരിയിലാണ് യൂസഫ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. റോഡ് സേഫ്റ്റി വേല്‍ഡ് സീരീസില്‍ അദ്ദേഹം കളിച്ചിരുന്നു. 2019 വരെ ഐ.പി.എല്ലില്‍ കളിച്ച അദ്ദേഹം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെയും പ്രധാന താരമായിരുന്നു. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം വെറും ആറ് ഏകദിനങ്ങളില്‍ മാത്രമാണ് യൂസഫ് കളിച്ചത്. ബറോഡ താരമായിരുന്ന അദ്ദേഹം 2012-ന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടില്ല.

15. പിയുഷ് ചൗള

ഇന്നും ക്രിക്കറ്റില്‍ സജീവമാണ് ഈ 32-കാരന്‍. ഇത്തവണത്തെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കാനൊരുങ്ങുകയാണ് താരം. വിജയ് ഹസാരെ ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഗുജറാത്തിനെ പ്രതിനിധീകരിച്ചു. 

2011 ലോകകപ്പിന് ശേഷം

2011 ലോകകപ്പിന് ശേഷം ചൗള ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിച്ചിട്ടില്ല. 2012-ല്‍ ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 മത്സരത്തിലാണ് താരം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

Content Highlights: India's 2011 World Cup heroes and What are they doing now