ലാഹോര്‍: ടീം ഇന്ത്യയുടെ അടുത്ത കാലത്തായുള്ള പ്രകടനവും യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്ന രീതിയും കണ്ട് ആശ്ചര്യപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖ്. 

പുണെയില്‍ ഇംഗ്ലണ്ടിനെതിരേ നടന്ന ഒന്നാം ഏകദിനത്തിലെ ഇന്ത്യയുടെ 66 റണ്‍സ് ജയത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഇന്‍സി. അരങ്ങേറ്റക്കാര്‍ ടീമില്‍ എത്തുന്നതും ഉടന്‍ തന്നെ മാച്ച് വിന്നിങ് പ്രകടനങ്ങള്‍ പുറത്തെടുക്കുന്നതും കണ്ട് താന്‍ ആശ്ചര്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കഴിവുള്ള യുവതാരങ്ങളെ നിര്‍മ്മിക്കാനുള്ള ഒരു യന്ത്രം ടീം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു. 

''പുതിയ കളിക്കാരെ നിര്‍മ്മിക്കാന്‍ ഇന്ത്യ ഒരുതരം യന്ത്രം സജ്ജമാക്കിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ടീമില്‍ തുടരണമെങ്കില്‍ നിങ്ങള്‍ മികച്ച പ്രകടനം നടത്തണമെന്ന് മുതിര്‍ന്ന താരങ്ങള്‍ക്ക് വ്യക്തമായ സൂചന നല്‍കുന്നതാണ് ഇക്കാര്യം.'' - തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ ഇന്‍സമാം പറഞ്ഞു.

ഓസ്ട്രേലിയന്‍ പാരമ്പര മുതല്‍ എല്ലാ മത്സരങ്ങളിലും അല്ലെങ്കില്‍ ഓരോ ഫോര്‍മാറ്റിലും ഓരോ ചെറുപ്പക്കാര്‍ മുന്നോട്ടുവരികയും മികച്ച പ്രകടനം പുറത്തെടുക്കുകയും ചെയ്യുന്നത് താന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും ഇന്‍സമാം പറഞ്ഞു.

Content Highlights: India have found a machine to produce youngsers says Inzamam-ul-Haq