സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനിടെ ഡി.ആര്‍.എസ് എടുക്കാന്‍ വൈകിയതോടെ ഇന്ത്യ നഷ്ടപ്പെടുത്തിയത് തകര്‍ത്തടിച്ച മാത്യു വെയ്ഡിനെ നേരത്തെ പുറത്താക്കാനുള്ള അവസരം. 

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ വെയ്ഡ് 53 പന്തില്‍ നിന്ന് 80 റണ്‍സാണ് അടിച്ചെടുത്തത്. ടി. നടരാജന്‍ എറിഞ്ഞ മത്സരത്തിന്റെ 11-ാം ഓവറില്‍ വെയ്ഡ് അര്‍ധ സെഞ്ചുറി പിന്നിട്ടതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. 

ഓവറിലെ നാലാം പന്ത് വെയ്ഡിന്റെ പാഡില്‍ തട്ടിയതോടെ നടരാജന്റെ അര്‍ധ മനസോടെയുള്ള എല്‍.ബി.ഡബ്യു അപ്പീല്‍ ഉയര്‍ന്നു. അമ്പയറും ഇത് അത്ര കണക്കിലെടുത്തില്ല. നടരാജനോ വിക്കറ്റ് പിന്നിലുള്ള കെ.എല്‍ രാഹുലോ റിവ്യു എടുക്കാന്‍ വലിയ താത്പര്യം കാട്ടിയതുമില്ല. 

ഇതിനിടെ സ്റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ഇതിന്റെ റീപ്ലേ വന്നതോടെ ക്യാപ്റ്റന്‍ വിരാട് കോലി റിവ്യൂ എടുക്കാന്‍ ആംഗ്യം കാട്ടി. ഇതനുസരിച്ച് തേര്‍ഡ് അമ്പയര്‍ റീപ്ലേകള്‍ പരിശോധിക്കാന്‍ തുടങ്ങുന്നതിന് മുമ്പേ വെയ്ഡ് അമ്പയര്‍മാര്‍ക്കു മുന്നില്‍ അതൃപ്തി അറിയിച്ചു. ഇതിനു പിന്നാലെ അമ്പയര്‍മാര്‍ റിവ്യൂ എടുക്കാനാകില്ലെന്ന് കോലിയെ അറിയിക്കുകയായിരുന്നു. 

പന്തെറിഞ്ഞ് 15 സെക്കന്‍ഡുകള്‍ക്കുള്ളില്‍ റിവ്യൂ എടുക്കണമെന്നാണ് നിയമം. എന്നാല്‍ കോലിയോ ടീം അംഗങ്ങളോ ഡി.ആര്‍.എസ് എടുക്കാന്‍ താത്പര്യപ്പെടാതിരുന്നതോടെയാണ് സ്‌റ്റേഡിയത്തിലെ ബിഗ് സ്‌ക്രീനില്‍ റീപ്ലേ കാണിച്ചത്. ഇതില്‍ വെയ്ഡ് ഔട്ടാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ റീപ്ലേ കണ്ട ശേഷം കോലി റിവ്യൂവിന് ഒരുങ്ങിയതോടെയാണ് അമ്പയര്‍മാര്‍ ഇത് നിഷേധിച്ചത്. 

ഇന്ത്യയുടെ തീരുമാനം വൈകിയതിനാല്‍ ജീവന്‍ നീട്ടിക്കിട്ടിയ വെയ്ഡാകട്ടെ പിന്നീട് 30 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്താണ് പുറത്തായത്.

Content Highlights: India denied review as confusion due to early replay shown on big screen