സതാംപ്ടണ്‍: പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എട്ടു വിക്കറ്റിന് തകര്‍ത്ത് കിരീടം നേടിയിരിക്കുകയാണ് കെയ്ന്‍ വില്യംസന്റെ ന്യൂസീലന്‍ഡ്. 

സാഹചര്യങ്ങള്‍ മുതലെടുത്ത് മികച്ച രീതിയില്‍ പന്തെറിഞ്ഞ ബൗളിങ് നിരയും ഉത്തരവാദിത്തത്തോടെ ബാറ്റ് ചെയ്ത ബാറ്റിങ് നിരയുമാണ് കിവീസിന്റെ വിജയത്തിനു പിന്നില്‍.

ഫൈനല്‍ പോലൊരു മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ഒരു താരത്തിനു പോലും രണ്ട് ഇന്നിങ്‌സിലും 50 റണ്‍സ് തികയ്ക്കാനായില്ല എന്നത് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദൗര്‍ബല്യം വെളിവാക്കുന്നു.

2018-ലെ ലോര്‍ഡ്‌സ് ടെസ്റ്റിന് ശേഷം ഇതാദ്യമായാണ് ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സിലും ഒരു ഇന്ത്യന്‍ താരത്തിന് പോലും അര്‍ധ സെഞ്ചുറി തികയ്ക്കാന്‍ സാധിക്കാതിരിക്കുന്നത്. 

പരിചയസമ്പന്നര്‍ നിറഞ്ഞ ഇന്ത്യന്‍ നിര രണ്ടാം ഇന്നിങ്‌സില്‍ വെറും 170 റണ്‍സിനാണ് കൂടാരം കയറിയത്. 41 റണ്‍സെടുത്ത യുവതാരം ഋഷഭ് പന്താണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഒന്നാം ഇന്നിങ്‌സില്‍ 49 റണ്‍സെടുത്ത അജിങ്ക്യ രഹാനെയാണ് ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്തത്.

Content Highlights: India batsmen fail to score a single half-century