കോഴിക്കോട്: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ് വി.പി സത്യന്‍. ഫുട്‌ബോളിനെ ജീവവായുവായി കണ്ടിരുന്നയാള്‍. ഫുട്‌ബോളിനായി ജീവിതം തന്നെ മാറ്റിവെച്ച താരം. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഈ 29-ാം തീയതി തന്റെ 55-ാം ജന്മദിനം ആഘോഷിക്കേണ്ടയാളായിരുന്നു സത്യന്‍. അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അദ്ദേഹവുമൊത്തുള്ള ബന്ധവും കളിയോര്‍മകളും പങ്കുവെയ്ക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്‍.

''സത്യേട്ടനുമായി 1986 മുതലുള്ള ബന്ധമാണ്. ഞാന്‍ കേരള പോലീസില്‍ കയറുമ്പോള്‍ സത്യേട്ടന്‍ അവിടെയുണ്ട്. അന്ന് പലരും പറഞ്ഞിരുന്നു വി.പി സത്യന്‍ എന്നൊരാളുണ്ട്, അടുക്കാന്‍ കുറച്ച് ബുദ്ധിമുട്ടാണെന്ന്. അങ്ങനെ തന്നെയായിരുന്നു സത്യേട്ടന്‍. കര്‍ക്കശക്കാരന്‍, ആരും ഒന്ന് ചെന്ന് സംസാരിക്കാന്‍ പേടിക്കും. എന്നാല്‍ ഉളളിന്റെയുള്ളില്‍ പാവമായിരുന്ന ഒരു മനുഷ്യന്‍. കളിയും ചിരിയും തമാശയുമെല്ലാം സത്യേട്ടന്റെ ഉള്ളിലുമുണ്ടായിരുന്നു. പിന്നീട് ഒരു അനിയനെ പോലെ ഏറെക്കാലം എന്നെ കൊണ്ടു നടന്നയാള്‍. സത്യേട്ടനൊപ്പം ഏറ്റവും കൂടുതല്‍ ഒന്നിച്ച് കളിച്ചിട്ടുള്ളതും ഞാന്‍ തന്നെയായിരിക്കും. ഇന്ത്യന്‍ ടീമിലും പോലീസിലും മോഹന്‍ ബഗാനിലുമെല്ലാം. കൊല്‍ക്കത്തയില്‍ കളിക്കാന്‍ പോകുമ്പോള്‍ എന്റെ ഗോഡ്ഫാദര്‍ സ്ഥാനത്ത് സത്യേട്ടനായിരുന്നു'', വിജയന്‍ പറഞ്ഞു.

1993-ല്‍ മോഹന്‍ ബഗാന് കളിക്കുന്ന സമയത്ത് കൊല്‍ത്തക്കയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തിനടുത്തുള്ള വീട്ടില്‍ സത്യന്റെ പിറന്നാള്‍ ആഘോഷിച്ചതിന്റെ ഓര്‍മയും വിജയന്‍ പങ്കുവെച്ചു. ''സത്യേട്ടന്റെ കല്ല്യാണം കഴിഞ്ഞ സമയമാണത്. കൊല്‍ത്തക്കില്‍ ഞാനും സത്യേട്ടനും അനിതയും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഉച്ചയ്ക്ക് ഭക്ഷണമൊക്കെ ഉണ്ടാക്കി. അന്ന് കുടിച്ച പായസത്തിന്റെ മധുരം മറക്കാനാകില്ല''.

ഇന്ന് ഉണ്ടായിരുന്നെങ്കില്‍ സത്യേട്ടന്‍ ഉറപ്പായും ഇന്ത്യന്‍ ടീമിന്റെ പരിശീലക കുപ്പായത്തില്‍ ഉണ്ടാകുമായിരുന്നുവെന്നും വിജയന്‍ പറഞ്ഞു. ''ഞാന്‍ പലരോടും പറഞ്ഞിട്ടുണ്ട്, സത്യേട്ടന് പകരം വെയ്ക്കാന്‍ മറ്റൊരാളില്ല. കളിക്കാരെ, ടീമിനെ കൊണ്ടുനടക്കാന്‍ പ്രത്യേക കഴിവുള്ളയാളായിരുന്നു അദ്ദേഹം. അങ്ങനെ ഒരാള്‍ പിന്നീട് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ഡിഫന്‍സില്‍ അണുവിട വ്യതിചലിക്കില്ല. അദ്ദേഹം ഇന്ത്യന്‍ ബാങ്കിന് കളിക്കുമ്പോള്‍ ജെ.സി.ടിക്കായി ഞാന്‍ എതിര്‍ ടീമില്‍ കളിച്ചിട്ടുണ്ട്. എനിക്ക് ഏറ്റവും പേടിയുള്ള ഡിഫന്‍ഡറാണ്. മൈതാനത്ത് ബന്ധമൊന്നും നോക്കില്ല. എന്നെതന്നെ ഒരിക്കല്‍ സൈഡ്‌ലൈനില്‍ നിന്ന് കസേരകള്‍ക്കിടിലേക്ക് ഇട്ടിട്ടുണ്ട്. ഫുട്‌ബോളിനായി ഇങ്ങനെ സ്വയം സമര്‍പ്പിച്ച മറ്റൊരാളുണ്ടാകില്ല'', വിജയന്‍ പറഞ്ഞുനിര്‍ത്തി.

Content Highlights: im vijayan remembering vp sathyan on his birthday