ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കിടയില്‍ ഒരു കള്ളനുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? സംഗതി സത്യമാണ് നിലവിലെ ഇന്ത്യന്‍ ടീമിനൊപ്പം ഒരു കള്ളന്‍ എപ്പോഴുമുണ്ട്. എന്നാല്‍ പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ അല്ല ആ കള്ളന്റെ ഉന്നം. മറിച്ച് ക്യാപ്റ്റന്‍ വിരാട് കോലിയുടെയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ബാറ്റുകളാണ്.

ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യൂസ്‌വേന്ദ്ര ചാഹലാണ് ആ കള്ളന്‍. താന്‍ കോലിയുടെയും രോഹിത്തിന്റെയും ബാറ്റുകള്‍ മോഷ്ടിക്കുന്ന കാര്യം ചാഹല്‍ തന്നെയാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിലെ കപില്‍ ശര്‍മ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചാഹല്‍. ചാഹലിനൊപ്പം മറ്റൊരു ലെഗ് സ്പിന്നറായ പീയുഷ് ചൗളയുമുണ്ടായിരുന്നു.

''അത് സത്യമാണ്. ബാറ്റിങ് കഴിവ് അനുസരിച്ചാണ് ഓരോ കളിക്കാര്‍ക്കും ബാറ്റുകള്‍ നല്‍കുക. അതില്‍ ഏറ്റവും കുറവ് ഭാരമുള്ള ബാറ്റ് ആരുടേതാണെന്നാണ് ഞാന്‍ നോക്കുക. എന്നിട്ട് അവരുടെ ബാറ്റാകും ഞാന്‍ ഉപയോഗിക്കുക. ഇപ്പോള്‍ ടീം അംഗങ്ങള്‍ക്ക് അറിയാം, ഭാരം കുറവുള്ള ബാറ്റുണ്ടെങ്കില്‍ അത് ഞാന്‍ എടുക്കുമെന്ന്'', ചാഹല്‍ പറഞ്ഞു. ഇത്തരത്തില്‍ പരിശീലന സമയത്തും കളിയുള്ള സമയത്തും കോലിയുടെയും രോഹിത്തിന്റെയും ബാറ്റുകള്‍ താന്‍ എടുത്തിട്ടുണ്ടെന്ന് ചാഹല്‍ പറഞ്ഞു.

ബാറ്റ്സ്മാനായി കരിയര്‍ തുടങ്ങിയ താരമാണ് ചാഹല്‍. 2009-ല്‍ തന്റെ അവസാന അണ്ടര്‍ 19 സീസണില്‍ വിക്കറ്റ് വേട്ടയില്‍ ഒന്നാമതെത്തിയ ചാഹല്‍ ഹിമാചലിനെതിരായ സെഞ്ചുറിയടക്കം 300 റണ്‍സും സ്വന്തമാക്കി.

Content Highlights: I used to steal Virat Kohli or Rohit Sharma's bat during matches Yuzvendra Chahal