കോഴിക്കോട്: 2005 ജൂണ്‍ 12-ന് ക്വറ്റയിലെ അയൂബ് സ്റ്റേഡിയത്തില്‍ പാകിസ്താനെതിരായ സൗഹൃദ മത്സരത്തില്‍ ഒരു 21 വയസുകാരന്‍ പയ്യന്‍ ഇന്ത്യന്‍ ദേശീയ ഫുട്‌ബോള്‍ ടീമിനായി അരങ്ങേറ്റം കുറിച്ചു. 65-ാം മിനിറ്റില്‍ ദേശീയ ടീമിനായി ആദ്യ മത്സരത്തില്‍ തന്നെ ഗോളുമടിച്ചു. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ജാതകം തന്നെ മാറ്റിയെഴുതാന്‍ പോന്ന ഒരു അരങ്ങേറ്റമായിരുന്നു അതെന്ന് തെളിയാന്‍ അധിക നാളുകളൊന്നും വേണ്ടിവന്നില്ല. സുനില്‍ ഛേത്രി എന്ന ഇന്ത്യന്‍ ഫുട്‌ബോളിലെ ഇതിഹാസ താരം ദേശീയ ടീമിനായി ബൂട്ടുകെട്ടിയിറങ്ങിയിട്ട് 2020 ജൂൺ പന്ത്രണ്ടിന് 15 വര്‍ഷം തികഞ്ഞു. ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിക്കുകയും ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യുകയും ചെയ്ത താരത്തിന് ഈ അവസരത്തില്‍ ആശംസയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ താരം ഐ.എം വിജയന്‍.

ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് വിജയന്‍ ഛേത്രിക്ക് ആശംസയറിയിച്ചത്. ''അഭിനന്ദനങ്ങള്‍ സുനില്‍. ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് 15 വര്‍ഷം തികയുകയാണ്. വലിയൊരു നേട്ടമാണത്. മറ്റൊരു ഇന്ത്യന്‍ ഫുട്‌ബോള്‍ താരത്തിനും സ്വന്തമാക്കാനാകാത്ത നേട്ടം. എന്റെ കുഞ്ഞനുജനാണ് നീ. നിനക്കും ഞാനൊരു ജ്യേഷ്ഠനെ പോലെ തന്നെയാണ്. ഇനി ഇതുപോലൊരു സ്‌ട്രൈക്കറെ ഇന്ത്യന്‍ ടീമിന് ലഭിക്കില്ലെന്ന് ഞാന്‍ എല്ലാം അഭിമുഖങ്ങളിലും പറയുന്നതാണ്. രാജ്യത്തിനായുള്ള ഗോള്‍ നേട്ടത്തില്‍ നിലവിലെ ഗോള്‍ സ്‌കോറര്‍മാരില്‍ രണ്ടാമതെത്തുക എന്ന് പറഞ്ഞാല്‍ അത് ഇന്ത്യയ്ക്ക് തന്നെ അഭിമാനിക്കാവുന്ന കാര്യമാണ്. എന്റെ കൂടെ കളിക്കാന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്ന് നീ പറഞ്ഞിട്ടുണ്ട്. എനിക്കും അതുപോലെ തന്നെയാണ്. നിനക്കൊപ്പം കളിക്കാന്‍ സാധിക്കാത്തത് എന്റെ ഭാഗ്യക്കേടായി ഞാന്‍ കരുതുന്നു. സുനില്‍, നീ നന്നായിരിക്കൂ. ഇനിയും കളിക്കൂ, കളിച്ചുകൊണ്ടേയിരിക്കൂ. എന്നെങ്കിലും കളി നിര്‍ത്തണമെന്ന് തോന്നുകയാണെങ്കില്‍ എന്നോട് പറയണം. അന്ന് ഞാന്‍ നിന്നോട് ഒരു വര്‍ഷം കൂടി കളിക്കാന്‍ പറയും''- വിജയന്‍ പറഞ്ഞു.

വിജയന്റെ സന്ദേശം ലഭിച്ച ഛേത്രി അതിന് മറുപടിയും നല്‍കി. മെസേജിന് ഒരുപാട് നന്ദിയുണ്ടെന്ന് പറഞ്ഞ ഛേത്രി വിജയന്‍ നല്‍കിയ ഉപദേശം മാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. എത്ര കാലം കളിക്കാന്‍ പറ്റുന്നോ അത്രയും കാലം കളിക്കുമെന്നും ഫിറ്റായിരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം ഛേത്രിയും അദ്ദേഹത്തിന്റെ ഭാര്യ സോനം ഭട്ടാചാര്യയും വിജയനെയും കുടുംബത്തേയും തങ്ങളുടെ ബെംഗളൂരുവിലെ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു.

രാജ്യത്തിനായി ഏറ്റവും കൂടുതല്‍ കളിച്ച താരം, ടോപ് സ്‌കോറര്‍, അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്ന താരങ്ങളില്‍ ഗോള്‍വേട്ടയില്‍ രണ്ടാമന്‍, നെഹ്‌റു കപ്പ്, സാഫ് കപ്പ്, എ.എഫ്.സി. ചാലഞ്ച് കപ്പ്, സൂപ്പര്‍ ലീഗ്, ഐ ലീഗ് കിരീടങ്ങള്‍ തുടങ്ങി കരിയറില്‍ ഒട്ടേറെ ചരിത്രനേട്ടങ്ങളുമായാണ് 11-ാം നമ്പറിലെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഒന്നരപ്പതിറ്റാണ്ട് പൂര്‍ത്തിയാക്കുന്നത്.

രാജ്യത്തിനകത്തും പുറത്തുമായി ഒമ്പത് ക്ലബ്ബുകള്‍ക്കായി ഛേത്രി ബൂട്ടുകെട്ടിയിട്ടുണ്ട്. അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് കന്‍സാസ് സിറ്റിക്കും പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ റിസര്‍വ് ടീമിനും കളിച്ചു. ഈസ്റ്റ് ബംഗാള്‍, മോഹന്‍ ബഗാന്‍, ജെ.സി.ടി, ഡെംപോ ഗോവ, ചിരാഗ് യുണൈറ്റഡ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മുംബൈ സിറ്റി ടീമുകള്‍ക്കായും ബൂട്ടുകെട്ടി.

2011-ല്‍ അദ്ദേഹത്തെ തേടി അര്‍ജുന പുരസ്‌കാരമെത്തി. 2019-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചു.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിലവില്‍ കളിക്കുന്ന ഗോള്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് ഛേത്രി. 115 കളിയില്‍നിന്ന് 72 ഗോള്‍. 138 കളിയില്‍നിന്ന് 70 ഗോള്‍ നേടിയ അര്‍ജന്റീന താരം ലയണല്‍ മെസ്സി മൂന്നാം സ്ഥാനത്താണ്. 164 കളിയില്‍ നിന്ന് 99 ഗോള്‍ നേടിയ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമത്. മൊത്തം ഗോള്‍ വേട്ടക്കാരില്‍ ഛേത്രി പത്താം സ്ഥാനത്താണ്.

Content Highlights: i m vijayan wishes sunil chhetri for his 15 years of international football achievement