ന്യൂഡല്‍ഹി: ഇന്ത്യയിലെ ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കവര്‍ന്നാണ് ഇംഗ്ലണ്ടിനെതിരെ എം.എസ് ധോനിയും യുവരാജ് സിങ്ങും ഇരട്ട ശതകത്തിന്റെ കൂട്ടുകെട്ടുണ്ടാക്കിയത്. ക്രീസില്‍ ധോനിയുടെ ഉപദേശമാണ് തന്നെ വലിയ ഇന്നിങ്‌സിലേക്ക് നയിച്ചതെന്ന് യുവരാജ് മത്സരശേഷം വ്യക്തമാക്കുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങും മുമ്പ് പഴയ ധോനിയെയും യുവരാജിനെയും നിങ്ങള്‍ക്ക് തിരിച്ചു ലഭിക്കുമെന്നും യുവരാജ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ധോനിക്കൊപ്പമുള്ള വീഡിയോയില്‍ പറഞ്ഞിരുന്നു.
ഇരുവരും തമ്മില്‍ ഇത്രയും ഇഴപിരിയാത്ത സ്‌നേഹമുണ്ടെങ്കിലും യുവരാജിന്റെ അച്ഛന്‍ യോഗ്‌രാജിന് ധോനിയെ കണ്ണെടുത്താല്‍ കണ്ടുകൂട. എന്നാല്‍ കട്ടക്കിലെ ഏകദിനത്തിന് ശേഷം പുതിയ പ്രസ്താവനയുമായാണ് യോഗ്‌രാജ് രംഗത്തെത്തിയിരിക്കുന്നത്. തന്റെ മകനോട് ചെയ്തതിനെല്ലാം ധോനിക്ക് മാപ്പ് നല്‍കണമെന്ന് ദൈവത്തോട് പ്രാര്‍ഥിച്ചിട്ടുണ്ടെന്നും താന്‍ ധോനിക്ക് മാപ്പ് നല്‍കിയതായും യോഗ്‌രാജ് പറഞ്ഞു. ധോനി സെഞ്ചുറി അടിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.
യുവരാജിന്റെ മൂന്നു വര്‍ഷത്തെ കരിയറാണ് ധോനി നശിപ്പിച്ചത്. ഇപ്പോഴെങ്കിലും ധോനി പറ്റിയ തെറ്റ് തിരുത്തണം. എന്നിട്ട് ദൈവത്തോട് മാപ്പപേക്ഷിക്കണം. എന്റെ കുട്ടികളോടും എന്നോടും തെറ്റു ചെയ്ത എല്ലാവര്‍ക്കും ഞാന്‍ മാപ്പ് നല്‍കിയിട്ടുണ്ട്. ദൈവം മഹാനാണ്. യോഗ്‌രാജ് ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ ധോനി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞതിനാലാണ് യുവരാജിനെ ടീമില്‍ തിരിച്ചെടുത്തതെന്ന് യോഗ്‌രാജ് സിങ്ങ് പറഞ്ഞിരുന്നു.