ന്യൂഡല്‍ഹി: നന്നായി കളിച്ചിട്ടും ഡല്‍ഹി ടീമില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നു മണിവരെ ഇരുന്ന് കരഞ്ഞിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഭാര്യ അനുഷ്‌കയ്ക്കൊപ്പം വിദ്യാര്‍ഥികളുമായുള്ള ഓണ്‍ലൈന്‍ സെഷനിടെയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ വെളിപ്പെടുത്തല്‍.

ഇന്ന് ബാറ്റിങ് റെക്കോഡുകള്‍ ഓരോന്നായി സ്വന്തമാക്കുന്ന താരത്തിന്റെ ഈ വെളിപ്പെടുത്തല്‍ കുട്ടികള്‍ക്ക് അദ്ഭുതമായി.

''ആദ്യമായി സ്റ്റേറ്റ് ടീം സെലക്ഷനില്‍ പരാജയപ്പെട്ട ദിവസം എനിക്കോര്‍മയുണ്ട്. രാത്രി വൈകിയും ഞാന്‍ കരയുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിവരെ ഞാന്‍ അങ്ങനെ കരഞ്ഞിരുന്നു'', കോലി പറഞ്ഞു.

''അവസരം ലഭിക്കാത്തത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. കാരണം ഞാന്‍ നന്നായി സ്‌കോര്‍ ചെയ്യുന്നുണ്ടായിരുന്നു. എല്ലാ കാര്യങ്ങളും എന്റെ വഴിക്ക് വന്നിരുന്നു. പിന്നെ എന്തുകൊണ്ട് എനിക്ക് അവസരം നഷ്ടമായെന്ന് ഞാന്‍ രണ്ടു മണിക്കൂറോളം എന്റെ കോച്ചിനോട് ചോദിച്ചുകൊണ്ടേയിരുന്നു. എന്നാല്‍ കളിയോടുള്ള അഭിനിവേശവും പ്രതിബദ്ധതയും ഉണ്ടെങ്കില്‍ പ്രചോദനം നിങ്ങളിലേക്ക് താനെ വരും'', കോലി ഓര്‍മിക്കുന്നു.

പിന്നീട് 2006-ലാണ് കോലിക്ക് ഡല്‍ഹി ടീമില്‍ അവസരം ലഭിക്കുന്നത്. രണ്ടു വര്‍ഷത്തിനു ശേഷം അദ്ദേഹം ഇന്ത്യന്‍ ദേശീയ ടീമിലെത്തുകയും ചെയ്തു.

അനുഷ്‌കയെ കണ്ടുമുട്ടിയതിനു ശേഷമാണ് താന്‍ ക്ഷമ പഠിച്ചതെന്നും കോലി പറയുന്നു. 2017-ലാണ് ഇരുവരും വിവാഹിതരാകുന്നത്.

Content Highlights: howled all night after team rejection reveals Virat Kohli