ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് വിജയിക്കാനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇന്ന് കച്ചകെട്ടി ഇറങ്ങുകയാണ്. ഇന്ന് ഇന്ത്യന്‍ ടീം ഗ്രൗണ്ടിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം അതൊരു ചരിത്ര മുഹൂര്‍ത്തമാണ്. ഇംഗ്ലണ്ടില്‍ ഇന്ത്യ ആദ്യമായി ഒരു ടെസ്റ്റ് മത്സരം വിജയിച്ചിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 

ഇന്ത്യ ആദ്യമായി ഇംഗ്ലണ്ടില്‍ വിജയിച്ചത് 1971-ല്‍ ലണ്ടനില്‍ വെച്ചുനടന്ന മത്സരത്തിലാണ്. ഈ മത്സരം വിജയിക്കാന്‍ ഇന്ത്യയെ ഒരു ആനയും കുതിരയും സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? എന്നാല്‍ അത്തരത്തിലൊരു രസകരമായ കഥയാണ് ഈ വിജയത്തിന് പിന്നിലുള്ളത്. 

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യന്‍ ആരാധകര്‍ അന്ന് ചെസ്സിങ്‌സ്റ്റണ്‍ മൃഗശാലയില്‍ നിന്നും ബെല്ല എന്ന ആനയെ ഗാലറിയിലേക്ക് കൊണ്ടുവന്നു. ബെല്ലയെ ഹിന്ദു വിശ്വാസപ്രകാരം ഗണപതി ഭഗവാന്റെ പ്രതിരൂപമായാണ് ആരാധകര്‍ കണക്കാക്കിയത്. ബെല്ലയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന് വിജയം കൊണ്ടുവരുമെന്ന് അവര്‍ വിശ്വസിച്ചു. ആരാധകരുടെ വിശ്വാസം സംരക്ഷിച്ചുകൊണ്ട് ഇന്ത്യന്‍ ടീം അവിശ്വസനീയമായ വിജയം അന്ന് ലണ്ടനില്‍ ഇംഗ്ലണ്ടിനെതിരേ സ്വന്തമാക്കി. 

പല മൃഗങ്ങളും കളിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് അന്ന് ഇന്ത്യന്‍ ടീമില്‍ കളിച്ച ലെഗ് സ്പിന്നറായ ഭഗവത് ചന്ദ്രശേഖര്‍ ഒരിക്കല്‍ പറയുകയുണ്ടായി. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതില്‍ പ്രധാനിയായിരുന്നു ചന്ദ്രശേഖര്‍. ചെറുപ്പത്തില്‍ പോളിയോ ബാധിച്ചതുമൂലം വലതുകൈ തളര്‍ന്ന അദ്ദേഹം പിന്നീട് വര്‍ധിത വീര്യത്തോടെ തിരിച്ചുവന്ന് ഇന്ത്യന്‍ ബൗളിങ്ങിന്റെ കുന്തമുനയായി. 

ഇംഗ്ലണ്ടിനെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ ചന്ദ്രശേഖര്‍ 38 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറുവിക്കറ്റുകള്‍ വീഴ്ത്തി. അദ്ദേഹത്തിന്റെ പ്രകടനമികവില്‍ ഇന്ത്യയുടെ വിജയലക്ഷ്യം 173 ആയി ചുരുങ്ങി. ആറുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയത്തിലെത്തി ചരിത്രം കുറിച്ചു. 

തന്റെ ബൗളിങ് പ്രകടനത്തില്‍ മില്‍ റീഫ് എന്ന ഒരു കുതിരയ്ക്കും നിര്‍ണായക പങ്കുണ്ടെന്ന് ചന്ദ്രശേഖര്‍ പറയുന്നു. ' ഇംഗ്ലണ്ടില്‍ അന്നൊരു കുതിരയുണ്ടായിരുന്നു. മില്‍ റീഫ്. എല്ലാ വലിയ കുതിരപന്തയങ്ങളിലും മില്‍ റീഫ് ഒന്നാം സ്ഥാനം നേടി. ഇംഗ്ലണ്ടിനെതിരായ ആ മത്സരത്തില്‍ പന്തെറിയുമ്പോള്‍ മില്‍ റീഫ് എന്നെ സഹായിച്ചു. റണ്ണപ്പെടുത്ത് പന്തെറിയാന്‍ ശ്രമിക്കുന്നതിനിടെ എന്റെ സഹകളിക്കാരന്‍ ദിലീപ് സര്‍ദേശായി എന്നോട് മില്‍ റീഫ് എറിയാന്‍ പറഞ്ഞു. മില്‍ റീഫിന്റെ വേഗതയില്‍ പന്തെറിയാനാണ് എനിക്ക് ലഭിച്ച നിര്‍ദേശം. ഞാനതു പാലിച്ചു. അങ്ങനെ വിജയം ഞങ്ങള്‍ക്ക് സ്വന്തമായി'-ചന്ദ്രശേഖര്‍ പറഞ്ഞു.

ചന്ദ്രശേഖറിന്റെ അതിവേഗ പന്തുകളാണ് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ താളം തെറ്റിച്ചത്. ആ പ്രകടനത്തിനുശേഷം ചന്ദ്രശേഖറിന്റെ മില്‍റീഫ് പന്ത് പ്രശസ്തമായി. 58 ടെസ്റ്റുകള്‍ ഇന്ത്യയ്ക്ക് വേണ്ടി കളിച്ച താരം 242 വിക്കറ്റുകള്‍ സ്വന്തമാക്കി. അതില്‍ പലതും മില്‍റീഫിലൂടെ വീണ വിക്കറ്റുകളാണെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കി. 

Content Highlights: How A Horse And An Elephant Helped India To First Test Win In England