റാഞ്ചി: കോവിഡ്-19 പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും നിരവധി കായിക താരങ്ങള്‍ സഹായഹസ്തവുമായി രംഗത്തുവരുന്നുണ്ട്.
സൗരവ് ഗാംഗുലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സാനിയ മിര്‍സ, പി.വി സിന്ധു തുടങ്ങിയ ഇന്ത്യന്‍ കായിത താരങ്ങളും ഇത്തരത്തില്‍ സഹായവുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ കോവിഡ്-19 കാരണം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന മഹാരാഷ്ട്രയിലെ പുണെയിലെ കുടുംബങ്ങള്‍ക്ക് സഹായവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയും രംഗത്തെത്തിയിട്ടുണ്ട്.
ക്രൗഡ് ഫണ്ടിങ് വെബ്‌സൈറ്റായ 'കേട്ടോ' വഴി പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റായ മുകുള്‍ മാധവ് ഫൗണ്ടേഷനിലേക്ക് ധോനി ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. പുണെയിലെ ദിവസ വേതനക്കാരായ തൊഴിലാളികളെ സഹായിക്കുന്നതിനായാണ് താരം പണം നല്‍കിയത്.
അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ധോനിയെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങളെത്തി. ധോനി ചെയ്തത് നല്ല മാതൃകയാണെന്ന് ഒരു കൂട്ടര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ 800 കോടിയോളം ആസ്തിയുള്ള താരം നല്‍കിയ തുക തീരേ കുറവാണെന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്.
ധോനിക്കെതിരായ വിമര്‍ശനങ്ങളും രൂക്ഷമാണ്. മറ്റ് ക്രിക്കറ്റ് താരങ്ങള്‍ ഇതിലും വലിയ തുകയുടെ സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ചെയ്യുന്ന എല്ലാ സഹായവും ധോനി പരസ്യമാക്കാറുണ്ടോയെന്നാണ് താരത്തെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്.
Content Highlights: His net worth is 800 Crore social media slams MS Dhoni for donating only 1 Lakh