ഓക്ലന്‍ഡ്: ഇന്ത്യ - ന്യൂസീലന്‍ഡ് രണ്ടാം ട്വന്റി 20 മത്സരത്തിനിടെ ന്യൂസീലന്‍ഡ് താരം ഡാരില്‍ മിച്ചലിന്റെ പുറത്താകല്‍ വിവാദത്തില്‍. ബാറ്റില്‍ തട്ടി പാഡില്‍ കൊണ്ട പന്തില്‍ ഇന്ത്യയുടെ എല്‍.ബി.ഡബ്ല്യു അപ്പീല്‍ അനുവദിച്ചാണ് ഡാരില്‍ മിച്ചല്‍ പുറത്തായത്.

ഫീല്‍ഡ് അമ്പയറുടെ തീരുമാനത്തിനെതിരേ മിച്ചല്‍ ഡി.ആര്‍.എസ് എടുത്തെങ്കിലും വീഡിയോ പരിശോധിച്ച തേര്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ചത് ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 

ന്യൂസീലന്‍ഡ് ഇന്നിങ്‌സിന്റെ ആറാം ഓവറിലായിരുന്നു സംഭവം. ക്രുനാല്‍ പാണ്ഡ്യയുടെ പന്ത് മിച്ചലിന്റെ പാഡില്‍ തട്ടുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ അപ്പീലിനൊടുവില്‍ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചു. പന്ത് ബാറ്റില്‍ തട്ടിയെന്ന് ഉറപ്പുണ്ടായിരുന്ന മിച്ചല്‍ ഉടന്‍ തന്നെ തീരുമാനം പുനപരിശോധിച്ചു.

പിന്നീടാണ് സ്റ്റേഡിയത്തില്‍ കൂടിയിരുന്നവരെയെല്ലാം ഞെട്ടിച്ച തീരുമാനം വന്നത്. ഹോട്ട് സ്‌പോട്ടില്‍ പന്ത് ബാറ്റില്‍ തട്ടിയതായി തെളിഞ്ഞു. ഇതോടെ ഇന്ത്യന്‍ താരങ്ങള്‍ റിവ്യൂ നഷ്ടമായെന്നു വിചാരിച്ചു. എന്നാല്‍ സ്‌നിക്കോ മീറ്റര്‍ നോക്കിയപ്പോള്‍ പന്ത് ബാറ്റിനെ കടന്നുപോകുമ്പോള്‍ സമ്പര്‍ക്കമുള്ളതായി കണ്ടില്ല. റീപ്ലേകളില്‍ പന്തിന്റെ ദിശ മാറുന്നതും വ്യക്തമാണ്. 

എന്നാല്‍ മിച്ചല്‍ ഔട്ടാണെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ തീരുമാനം. ഇതോടെ ഡാരില്‍ മിച്ചലും കൂടെയുണ്ടായിരുന്ന ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും മാത്രമല്ല ഇന്ത്യന്‍ ടീമും കാണികളും ഒന്നടങ്കം ഞെട്ടി. പവലിയനിലേക്കു മടങ്ങാതെ മിച്ചലും വില്യംസണും എന്തോ ചര്‍ച്ചചെയ്യാനാരംഭിച്ചു. ഇതിനൊപ്പം രോഹിത്തും കൂടി. ഇതിനിടെ രോഹിത്തിനടുത്തെത്തി ധോനിയും എന്തോ പറയുന്നത് കാണാമായിരുന്നു. എന്നാല്‍ തേര്‍ഡ് അമ്പയറുടെ തീരുമാനം നിലനില്‍ക്കുമെന്ന് ഫീല്‍ഡ് അമ്പയര്‍മാര്‍ മിച്ചലിനെ അറിയിച്ചു. ഇതോടെ അദ്ദേഹം പവലിയനിലേക്കു മടങ്ങി.

high drama in auckland as daryl mitchell s dismissal turns controversial

ഇതിനു പിന്നാലെ സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഹര്‍ഷ ഭോഗ്ലെ അടക്കമുള്ള കമന്റേറ്റര്‍മാരും ഈ തീരുമാനത്തിനെതിരേ രംഗത്തെത്തി.

high drama in auckland as daryl mitchell s dismissal turns controversial

Content Highlights: high drama in auckland as daryl mitchell s dismissal turns controversial