ഗയാന: ടി ട്വന്റി ലോകകപ്പില്‍ ന്യൂസിലൻഡിനെതിരേ സെഞ്ചുറി നേടി ഹര്‍മന്‍പ്രീത് കൗര്‍ ആരാധകരുടെ മനം കവര്‍ന്നിരുന്നു. ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഉദ്ഘാടന മത്സരമായിരുന്നു അത്. ന്യൂസിലൻഡി ബൗളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തിക്കപ്പുറത്തേക്ക് പായിച്ചായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ മനോഹര ഇന്നിങ്‌സ്.

പാകിസ്താനെതിരായ മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ആരാധകരുടെ ഹൃദയത്തിലിടം പിടിച്ചു. പക്ഷേ അത് ക്രിക്കറ്റിന് പുറത്തെ പ്രവൃത്തിയിലൂടെയായിരുന്നു. ഹര്‍മന്‍പ്രീതിന്റെ ഈ കരുതലിനെ കൈയടിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. 

മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനത്തിനായി ഇരുടീമുകളുടേയും താരങ്ങള്‍ ഗ്രൗണ്ടില്‍ അണിനിരന്നപ്പോഴായിരുന്നു സംഭവം. പ്രധാന ടൂര്‍ണമെന്റുകളില്‍ താരങ്ങളെ അനുഗമിക്കുന്ന കുഞ്ഞുങ്ങളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഓരോ താരത്തിന് മുമ്പിലും ഓരോ കുഞ്ഞ് വീതമാണ് നിന്നിരുന്നത്. എന്നാല്‍ പൊള്ളുന്ന വെയില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് സഹിക്കാനാവുന്നതിലധികമായിരുന്നു.

ഇന്ത്യയുടെ ദേശീയഗാനം ആലപിക്കുന്നതിനിടെ തനിക്ക് മുന്നില്‍ നില്‍ക്കുന്ന കുട്ടി തളര്‍ന്നുപോയത് ഇന്ത്യന്‍ ക്യാപ്റ്റന്റെ ശ്രദ്ധയില്‍ പെട്ടു. ദേശീയ ഗാനം പൂര്‍ത്തിയായ ഉടനെ ആ കുട്ടിയെ കൈകളില്‍ കോരിയെടുത്ത് ഹര്‍മന്‍പ്രീത് ഗ്രൗണ്ട് ഒഫീഷ്യല്‍സിന് കൈമാറി. 

Content Highlights: Harmanpreet Kaur makes sure the ill-mascot is in safe hands after the national anthem