ലണ്ടന്‍: ഇന്ത്യയുടെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഈ അടുത്ത് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പുറംവേദനയെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ലണ്ടനില്‍ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നു എന്നു വ്യക്തമാക്കി ഹാര്‍ദിക് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇടുകയും ചെയ്തു.

ആശുപത്രിക്കിടക്കയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. 'ശസ്ത്രക്രിയ വിജയകമായിരുന്നു. പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി. ഉടനെ തന്നെ തിരിച്ചെത്തും. അതുവരെ എന്നെ മിസ് ചെയ്യൂ.' ഹാര്‍ദിക് ചിത്രത്തോടൊപ്പം കുറിച്ചു.

ഇതോടെ നിരവധി പേര്‍ ആശംസകളുമായെത്തി. ഹാര്‍ദികിന് ഗ്രൗണ്ടില്‍ എത്രയും പെട്ടെന്ന് തിരിച്ചെത്താനാവട്ടെ എന്നായിരുന്നു ചിലരുടെ ആശംസ. എന്നാല്‍ ബ്രസീല്‍ മോഡല്‍ ഇസബെല്ല ലെയ്‌റ്റെയുടെ കമന്റായിരുന്നു ഏറ്റവും രസകരം. വാച്ച് കൈയില്‍ കെട്ടി ആയിരുന്നോ ശസ്ത്രക്രിയക്ക് വിധേയനായത് എന്നായിരുന്നു ഇസബെല്ലയുടെ ചോദ്യം.

ഹാര്‍ദിക് പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കൈയില്‍ വാച്ചുണ്ടായിരുന്നു. ഇതുകണ്ടാണ് ഇസബെല്ല ഈ സംശയമുന്നയിച്ചത്. ഇതിന് ഹാര്‍ദിക് മറുപടിയും നല്‍കി. 'എപ്പോഴും വാച്ചുണ്ടാകും..' എന്നായിരുന്നു മറുപടി. 

Content Highlights: Hardik Pandya Surgery Brazilian Model Pokes