ലണ്ടന്‍: നിലവില്‍ ടീമിലില്ലെങ്കിലും ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ വിടാതെ വിവാദങ്ങള്‍. കഴിഞ്ഞ ദിവസം 41-ാം പിറന്നാള്‍ ആഘോഷിച്ച മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള പാണ്ഡ്യയുടെ ട്വീറ്റാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.

ഒരു ആഭ്യന്തര മത്സരത്തിനിടെ സഹീറിന്റെ പന്ത് സിക്സറിന് പറത്തുന്ന തന്റെ വീഡിയോയ്ക്കൊപ്പമാണ് പാണ്ഡ്യ പിറന്നാളാശംസ നേര്‍ന്നത്. എന്നാലിത് ആരാധകര്‍ക്ക് അത്ര രസിച്ച മട്ടില്ല. പാണ്ഡ്യ, സഹീറിനെ അപമാനിച്ചുവെന്നാണ് അവരുടെ പരാതി. ഇതോടെ താരത്തിനെതിരേ രൂക്ഷമായി പ്രതികരിച്ച് നിരവധി പേര്‍ രംഗത്തെത്തി.

പണവും പ്രശസ്തിയും മാത്രമുണ്ടായാല്‍ എല്ലാമാകില്ലെന്നും നല്ലകാലത്ത് സഹീറിന്റെ പന്തുകള്‍ക്കുമുന്നില്‍ പാണ്ഡ്യയ്ക്ക് പിടിച്ചുനില്‍ക്കാന്‍ പോലും സാധിക്കില്ലായിരുന്നുവെന്നും ആരാധകര്‍ പറയുന്നു. അമിത ആത്മവിശ്വാസമാണ് പാണ്ഡ്യയുടെ പ്രശ്‌നമെന്നും ചിലര്‍ ആരോപിക്കുന്നു.

ഇന്ത്യയ്ക്കായി 2003, 2007, 2011 ലോകകപ്പുകളില്‍ മികച്ച പ്രകടനം നടത്തിയ താരത്തെയാണ് പാണ്ഡ്യ അപമാനിച്ചതെന്നും ആരോപണമുണ്ട്. ഇന്ത്യ കണ്ടിട്ടുള്ള എക്കാലത്തെയും മികച്ച ഇടംകൈയന്‍ പേസറാണ് സഹീര്‍ ഖാനെന്നും പാണ്ഡ്യയെ ചിലര്‍ ഓര്‍മപ്പെടുത്തുന്നുമുണ്ട്.

Hardik Pandya slammed on social media for his cheeky birthday wish for Zaheer Khan

പുറംവേദനയെ തുടര്‍ന്ന് ലണ്ടനില്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ശേഷം വിശ്രമത്തിലാണ് പാണ്ഡ്യ. ഈ വര്‍ഷമാദ്യം കോഫി വിത്ത് കരണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്ത് പാണ്ഡ്യ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് താരത്തെ ചുറ്റിപ്പറ്റി മറ്റൊരു വിവാദം കൂടി തലപൊക്കിയിരിക്കുന്നത്.

Hardik Pandya slammed on social media for his cheeky birthday wish for Zaheer Khan

ഇന്ത്യയ്ക്കായി 2003, 2007, 2011 ലോകകപ്പുകളില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമാണ് സഹീര്‍. മുന്‍താരങ്ങളടക്കമുള്ള നിരവദി പേരാണ് സഹീറിനെ പിറന്നാളാശംസകള്‍ നേര്‍ന്നത്. ഇതിനിടെയാണ് പാണ്ഡ്യയുടെ ട്വീറ്റ് ഒരു കല്ലുകടിയായത്. ഇന്ത്യയ്ക്കായി 92 ടെസ്റ്റുകളില്‍നിന്ന് 311 വിക്കറ്റുകളും, 200 ഏകദിനങ്ങളില്‍നിന്ന് 282 വിക്കറ്റുകളും സഹീര്‍ വീഴ്ത്തിയിട്ടുണ്ട്.

Hardik Pandya slammed on social media for his cheeky birthday wish for Zaheer Khan

Hardik Pandya slammed on social media for his cheeky birthday wish for Zaheer Khan

Content Highlights: Hardik Pandya slammed on social media for his cheeky birthday wish for Zaheer Khan