ന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ എംഎസ് ധോനിയും ഹാര്‍ദിക് പാണ്ഡ്യയും അടുത്ത സുഹൃത്തുക്കളാണ്. ധോനി സഹോദരനെ പോലെയാണെന്നും തന്നെ ശാന്തനാക്കാന്‍ കഴിയുന്ന ഒരേയൊരാള്‍ ധോനിയാണെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞിരുന്നു. അങ്ങനെയുള്ള ധോനിയുടെ 39-ാം പിറന്നാളിന് ഒരു സര്‍പ്രൈസ് നല്‍കാന്‍ ഹാര്‍ദിക് തീരുമാനിച്ചു. എന്നാല്‍ വിമാനത്താവളത്തിലെ ജോലിക്കാര്‍ അതു നശിപ്പിച്ചെന്നും താരം പറയുന്നു. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഹാര്‍ദിക് മനസ് തുറന്നത്. 

'കഴിഞ്ഞ വര്‍ഷം 39-ാം പിറന്നാള്‍ ആഘോഷിച്ച ധോനിക്ക് സര്‍പ്രൈസ് നല്‍കാന്‍ ഞാനും സഹോദരന്‍ ക്രുണാലും തീരുമാനിച്ചു. ധോനിയെ അറിയിക്കാതെ റാഞ്ചിയിലെ വീട്ടിലെത്താനായിരുന്നു ഞങ്ങളുടെ പദ്ധതി. അന്ന് കോവിഡ് രൂക്ഷമായ സമയമായതിനാല്‍ ഒരു പ്രൈവറ്റ് ജെറ്റിലാണ് ഞാനും ക്രുണാലും റാഞ്ചിയിലേക്ക് പറന്നത്. അവിടെ എത്തുംമുമ്പെ ധോനി ഞങ്ങളെ വിളിച്ചു. ഞങ്ങള്‍ വരുന്നുണ്ടോ എന്ന് ചോദിച്ചു. അത് എങ്ങനെ അറിഞ്ഞു എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അപ്പോഴാണ് റാഞ്ചി വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ വിളിച്ചിരുന്നെന്ന് ധോനി പറഞ്ഞത്. ഇതോടെ ഞങ്ങളുടെ സര്‍പ്രൈസെല്ലാം പാളിപ്പോയി.' ഹാര്‍ദിക് പറയുന്നു.

'അവിടെ എത്തിയപ്പോള്‍ പൂന്തോട്ടം നനക്കുന്ന ധോനിയെയാണ് ഞങ്ങള്‍ കണ്ടത്. ആരോഗ്യമൊക്കെ എങ്ങനെയുണ്ടെന്ന് ഞാന്‍ അന്വേഷിച്ചു. കാല്‍മുട്ടിന് ചെറിയ വേദനയുണ്ടെന്നായിരുന്നു ധോനിയുടെ മറുപടി. എന്തുപറ്റി എന്നായിരുന്നു എന്റെ അടുത്ത ചോദ്യം. അതിന് ധോനി പറഞ്ഞ മറുപടി എന്ന അദ്ഭുതപ്പെടുത്തി. മുട്ടുകുത്തി നിന്ന് 50 ബൈക്കുകള്‍ നന്നാക്കിയതായിരുന്നു ആ വേദനയ്ക്ക് കാരണം. അതു മാറാനാണ് നിന്നുകൊണ്ട് പൂന്തോട്ടം നനക്കുന്നതെന്നും ധോനി പറഞ്ഞു.'ഹാര്‍ദിക് വ്യക്തമാക്കുന്നു. 

Content Highlights: Hardik Pandya on his visit to MS Dhonis Ranchi Farm House