മുംബൈ: കരിയറിലെ മൂന്നാം ടെസ്റ്റില്‍ തന്നെ സെഞ്ചുറി നേടി ഹാര്‍ദിക് പാണ്ഡ്യ എല്ലാവരെയും അദ്ഭുതപ്പെടുത്തിയിരുന്നു. മകന്റെ സെഞ്ചുറി കണ്ട് അച്ഛൻ ഹിമാന്‍ഷു പാണ്ഡ്യയും ഇങ്ങനെ തന്നെയാണ് പ്രതികരിച്ചത്. ആ സെഞ്ചുറി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നായിരുന്നു ഹിമാന്‍ഷുവിന്റെ പ്രതികരണം.

എന്നാല്‍ സെഞ്ചുറിയടിച്ച് അച്ഛനെ അദ്ഭുതപ്പെടുത്തുക മാത്രമല്ല ഹാര്‍ദിക് ചെയ്തത്. അച്ഛന് ഒരു കാര്‍ കൂടി സമ്മാനിച്ചു മകന്‍ പാണ്ഡ്യ. അതും അപ്രതീക്ഷിതമായിരുന്നു.

മൂത്ത മകനും മുംബൈ ഇന്ത്യന്‍സ് താരവുമായ ക്രുണാല്‍ പാണ്ഡ്യക്കൊപ്പമാണ് ഹിമാന്‍ഷു പാണ്ഡ്യ കാര്‍ വാങ്ങാനെത്തിയത്. ഒപ്പം ശ്രീലങ്കയില്‍ നിന്ന് വീഡിയോ കോളില്‍ ഹാര്‍ദിക്കുമുണ്ടായിരുന്നു. അച്ഛന് ഏതു കാറാണ് വേണ്ടതെന്ന് ഹാര്‍ദിക് ചോദിച്ചപ്പോള്‍ ഒരു ചുവന്ന നിറത്തിലുള്ള കാറാണ് ഹിമാന്‍ഷു തിരഞ്ഞെടുത്തത്. മകനൊരുക്കിയ അപ്രതീക്ഷിത സമ്മാനത്തിന് എന്തു മറുപടി നല്‍കണമെന്ന് ഹിമാന്‍ഷുവിന് അറിയില്ലായിരുന്നു.

ഈ വീഡിയോ ഹാര്‍ദിക് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എന്റെ എല്ലാ സന്തോഷങ്ങളുടെയും അവകാശി അച്ഛനാണെന്നും അച്ഛന്റെ ആ മുഖം കാണാന്‍ കഴിഞ്ഞതില്‍ സന്തോഷവാനാണെന്നും ഹാര്‍ദിക് ട്വീറ്റ് ചെയ്തു. എനിക്ക് വേണ്ടി എല്ലാം ഉപേക്ഷിച്ചയാളാണ് അച്ഛനെന്നും നന്ദി പറഞ്ഞാല്‍ ഒന്നുമാവാത്തതിനാലാണ് ഇത്തരമൊരു സര്‍പ്രൈസ് ഒരുക്കിയതെന്നും അച്ഛന്റെ സന്തോഷം കണ്ട് കണ്ണ് നിറഞ്ഞുവെന്നും ഹാര്‍ദിക് പാണ്ഡ്യ ട്വീറ്റില്‍ പറയുന്നു.