കാന്‍ബറ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഇന്ത്യ 13 റണ്‍സിന്റെ ജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് ഹാര്‍ദിക് പാണ്ഡ്യയുടെയും രവീന്ദ്ര ജഡേജയുടെയും ഇന്നിങ്‌സുകളായിരുന്നു. ഒരു ഘട്ടത്തില്‍ 250 കടക്കുമോ എന്ന് സംശയിച്ചിരുന്ന ഇന്ത്യന്‍ സ്‌കോര്‍ 302-ല്‍ എത്തിച്ചത് ഇരുവരുടെയും തകര്‍പ്പന്‍ പ്രകടനമായിരുന്നു.

ആറാം വിക്കറ്റില്‍ ഒന്നിച്ച ഈ സഖ്യം വെറും 108 പന്തുകളില്‍നിന്ന് അടിച്ചുകൂട്ടിയത് 150 റണ്‍സാണ്. ഇതോടെ 21 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും പഴങ്കഥയായി. ഓസീസിനെതിരേ ആറാം വിക്കറ്റിലെ ഒരു ഇന്ത്യന്‍ സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡാണ് ഇരുവരും തിരുത്തിയെഴുതിയത്. 1999-ല്‍ റോബിന്‍ സിങ്- സദഗോപന്‍ രമേശ് സഖ്യത്തിന്റെ 123 റണ്‍സിന്റെ റെക്കോഡ് ഇതോടെ പഴങ്കഥയായി. 

മാത്രമല്ല ഏകദിനത്തില്‍ ആറാം വിക്കറ്റില്‍ ഒരു ഇന്ത്യന്‍ സഖ്യത്തിന്റെ ഉയര്‍ന്ന മൂന്നാമത്തെ കൂട്ടുകെട്ടും ഇതാണ്. 2015-ല്‍ ഹരാരെയില്‍ സിംബാബ്‌വെക്കെതിരേ അമ്പാട്ടി റായുഡു - സ്റ്റുവര്‍ട്ട് ബിന്നി കൂട്ടുകെട്ടില്‍ പിറന്ന 160 റണ്‍സാണ് ഇന്ത്യയുടെ ഉയര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട്. 2005-ല്‍ ഹരാരെയില്‍ സിംബാബ്‌വെക്കെതിരേ തന്നെ യുവ്‌രാജ് സിങ്ങും എം.എസ് ധോനിയും ചേര്‍ന്ന് സ്വന്തമാക്കിയ 158 റണ്‍സാണ് രണ്ടാമത്.

മത്സരത്തില്‍ പാണ്ഡ്യ 76 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 92 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ രവീന്ദ്ര ജഡേജ 50 പന്തില്‍ അഞ്ച് ഫോറും മൂന്നു സിക്‌സും സഹിതം 66 റണ്‍സെടുത്തു. 

Content Highlights: Hardik Pandya and Ravindra Jadeja made record breaking partnership