ആലപ്പുഴ: എം.എസ്. ധോനിയുടെ സ്വന്തം ഹെലികോപ്റ്റര്‍ഷോട്ട്. വെറുമൊരു ഷോട്ടല്ല അത്, ഒരു കലകൂടിയാണ്. തീപ്പന്തമായിവരുന്ന യോര്‍ക്കറുകളെ അതിര്‍ത്തികള്‍ പായിക്കണമെങ്കില്‍ അതിവൈദഗ്ധ്യം വേണം. കൂടാതെ, അസാധാരണ കൈക്കരുത്തും കൂടിയാലേ ഹെലികോപ്റ്റര്‍ ഷോട്ട് പിറക്കൂ.

എന്നാല്‍, ഇങ്ങ് ആലപ്പുഴയില്‍ ഒരു 'റിവേഴ്‌സ് ഹെലികോപ്റ്റര്‍ ഷോട്ട് ' പിറന്നിരിക്കുകയാണ്. പിറവിക്കുപിന്നില്‍ ജിഹാസ് എന്ന റിച്ചുവാണ്. സംഭവം ഇപ്പോള്‍ വൈറലാണ്. മുന്‍ ഇന്ത്യന്‍ബൗളര്‍ ഹര്‍ഭജന്‍സിങ് അഭിനന്ദിച്ചതിനോടൊപ്പം ഷോട്ടുകളിക്കുന്നതിന്റെ വീഡിയോയും സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

ത്രിവേണി ബോയ്‌സ്, കോബ്രാസ് ആലപ്പുഴ എന്നീ ടീമുകള്‍ക്കായാണ് ജിഹാസ് എന്ന പത്തൊമ്പതുകാരന്‍ കളിക്കുന്നത്. കഴിഞ്ഞദിവസം 'ത്രിവേണി'ക്കായി ആലപ്പുഴയില്‍നടന്ന ഒരു ടെന്നീസ് ബോള്‍ ടൂര്‍ണമെന്റിലാണ് ഈ ബൗണ്ടറി പിറന്നത്. ജിഹാസിന്റെ ഒരു സുഹൃത്ത് വീഡിയോ എടുത്ത് അത് ആലപ്പുഴയിലെ ഒരു സാമൂഹികമാധ്യമ ഗ്രൂപ്പില്‍ പോസ്റ്റുചെയ്തു. പിന്നീട് വൈറലാവുകയായിരുന്നു. 24 പന്തില്‍ 102 റണ്‍സെടുത്ത് നാട്ടിലെ താരമായിട്ടുണ്ട് ജിഹാസ്.

ഹര്‍ഭജനെ കൂടാതെ, ഒട്ടേറെ പ്രമുഖകര്‍ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോപോസ്റ്റിന് മികച്ച ഷെയറും വലിയ രീതിയിലുള്ള സപ്പോര്‍ട്ടിങ് കമന്റുകളുമായി കായികപ്രേമികള്‍ വലിയ പ്രോത്സാഹനമാണ് നല്‍കുന്നത്. ആലപ്പുഴ വട്ടയാല്‍ വാര്‍ഡില്‍ വെട്ടക്കല്‍ പുരയിടത്തില്‍ റിനാസ് മന്‍സിലില്‍ നസീറിന്റെയും റസീനയുെടയും മകനാണ് ജിഹാസ്.

Content Highlights: Harbhajan Singh Tweets Jihas Helicopter Shot